SignIn
Kerala Kaumudi Online
Monday, 16 February 2026 6.58 PM IST

അദ്വൈതാശ്രമത്തിൽ 103-ാമത് സർവമത സമ്മേളനം ഭരണഘടനയും ഗുരുദേവ ദർശനങ്ങളും തമ്മിൽ ഏറെ സാദൃശ്യം: ജസ്റ്റിസ് ജയകുമാർ

Increase Font Size Decrease Font Size Print Page
sarvamatha-sammelanam

ആലുവ: ഇന്ത്യൻ ഭരണഘടനയും ശ്രീനാരായണ ഗുരുദേവ ദർശനങ്ങളും തമ്മിൽ ഏറെ സാദൃശ്യമുണ്ടെന്ന് ജസ്റ്റിസ് കെ.വി.ജയകുമാർ. ശിവരാത്രിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ നടന്ന 103-ാമത് സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ സന്ദേശമാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 14 വ്യക്തമാക്കുന്നത്. ഗുരുവിന്റെ കാഴ്ച്ചപ്പാടിൽ ആകെയുള്ളത് മനുഷ്യമതം മാത്രമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പറയുന്നതും സമത്വമാണ്.നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണ്.

വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും ഗുരു പറഞ്ഞിട്ടുണ്ട്. 2009ൽ ഭരണഘടന ഭേദഗതി ചെയ്ത് കൂട്ടിച്ചേർത്ത ആർട്ടിക്കിൾ 21 എയിൽ ആറ് മുതൽ 14 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നടപ്പാക്കണമെന്നാണ് പറയുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ഗുരുദേവ ദർശനങ്ങൾ ഭരണഘടനയിൽ കൂട്ടിച്ചേർക്കുകയായിരുന്നു.

മനുഷ്യത്വത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങളാണ് ഗുരു ജീവിതത്തിൽ ഉടനീളം പ്രചരിപ്പിച്ചത്. ലോകത്തെല്ലാം യുദ്ധസമാനമായ സാഹചര്യമാണ്. പല വിധത്തിലുമുള്ള തർക്കങ്ങൾ വർദ്ധിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ഗുരുദേവന്റെ സന്ദേശത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണെന്നും ജസ്റ്റിസ് ജയകുമാർ പറഞ്ഞു.

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായി. എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രി ഡയറക്ടർ കെ.ആർ.രാജപ്പൻ ഭദ്രദീപം തെളിച്ചു.സ്കൂൾ ഒഫ് ഭഗവത്ഗീത ഡയറക്ടർ സ്വാമി സന്ദീപാനന്ദഗിരി,മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി റെക്ടർ ഡോ.സ്റ്റാൻലി പുൽപ്പാറയിൽ,ആലുവ ടൗൺ ജുമാ മസ്ജിദ് ഇമാം ഉസ്താദ് അലിയാർ ഖാസിമി എന്നിവർ പ്രഭാഷണം നടത്തി. സ്വാമി അവ്യയാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.കെ.ആർ.രാജപ്പനെ ആദരിച്ചു. ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് ഡയറക്ടർ മുരളീധരപണിക്കർ,എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു,ജി.ഡി.പി.എസ് ജില്ലാ സെക്രട്ടറി കെ.ആർ.ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.

പെരിയാറിൽ സൗജന്യ നീന്തൽ പരിശീലന ക്ളാസ് നടത്തുന്ന സജി വളാശേരിയെ അനുമോദിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ സ്വാഗതവും ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി.ഡി.രാജൻ നന്ദിയും പറഞ്ഞു.

TAGS: ADHWAITHASRAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.