ന്യൂഡൽഹി: ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവയ്പ്പ് സംഭവം ഗൗരവമേറിയതാണെന്നും കുറ്റവാളി സംരക്ഷിക്കപ്പെടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കാര്യം ഡൽഹി പൊലീസ് കമ്മീഷണറുമായി താൻ സംസാരിച്ചെന്നും ശക്തമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ട്വീറ്റിലൂടെയാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാർ ഈ സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശക്തമായ നടപടി എടുക്കുമെന്നും അമിഷാ ട്വിറ്ററിൽ കുറിച്ചു. അതേസമയം സംഭവത്തിൽ ബി.ജെ.പിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കാവിവസ്ത്രധാരിയായി 'രാംഭക്ത്' എന്ന സ്വയംവിശേഷണത്തോടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നയാളാണ് ആക്രമണം നടത്തിയിരിക്കുന്നത്. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ വെടിയുതിർത്തയാൾ തൊട്ടുമുൻപ് ഫേസ്ബുക്ക് ലൈവും നൽകിയതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെ വെയിവയ്ക്കാൻ തയ്യാറായാണ് ഇയാൾ എത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇയാൾ നിമിഷങ്ങൾക്ക് മുൻപ് ഫേസ്ബുക്കിൽ നൽകിയ ലൈവ്. രാംഭക്ത് ഗോപാൽ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഫേസ്ബുക്ക് ലൈവിലെ വിശദാംശങ്ങൾ സംഹിതമാണ് ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
രാംഭക്ത് ഗോപാലിന്റെ നേരത്തെയുള്ള ഫേസ്ബുക്ക് പോസ്റ്റുകളെ സംബന്ധിച്ചും വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഷഹീൻബാഗ്, ഗെയിം ഓവർ എന്നും ഇവിടെ ഹിന്ദു മാദ്ധ്യമങ്ങൾ ഇല്ലെന്നുമായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍. തന്റെ അന്ത്യയാന്ത്രയിൽ കാവിപുതപ്പിക്കണമെന്നും ജയ്ശ്രീറാം മുഴക്കണമെന്നും ഇയാൾ മറ്റൊരു പോസ്റ്റിൽപറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |