മൂന്നു സന്ദർശകർ. പരിചയമുള്ളവരല്ല. ഒരാൾ വാർദ്ധക്യത്തോടടുക്കുന്നയാൾ. മറ്റു രണ്ടുപേരും മദ്ധ്യവയസ്‌കർ. എന്തോ പ്രത്യേക ഉദ്ദേശ്യത്തോടുകൂടി വന്നവരാണെന്ന് ഒറ്റനോട്ടത്തിൽ തോന്നി. അവർ ഇരുന്നു. ഞാൻ ചോദിച്ചു:
''എന്താണ് വരവിന്റെ ഉദ്ദേശ്യം?"
''ഞങ്ങൾ അറിവു തേടി വന്നവരാണ്." ഇതുകേട്ട് ഞാനല്‌പം വിഷമിച്ചു.
''എന്തറിവാണ് നിങ്ങൾക്കു വേണ്ടത്?"
''അതും അറിയില്ല."
ഇതു കേട്ടപ്പോൾ ഞാൻ ഒന്നുകൂടി വിഷമിച്ചു. ഇവർ സത്യാന്വേഷികളാണെന്ന് ഒട്ടും തോന്നിയതുമില്ല.
''നിങ്ങൾക്കറിയേണ്ടത് എന്താണെന്നറിഞ്ഞാലല്ലേ എനിക്ക് എന്തെങ്കിലും പറയാനാവൂ? അതും എനിക്ക് അക്കാര്യം അറിയാമെങ്കിൽ മാത്രം."
ഒരൊറ്റ മദ്ധ്യവയസ്‌കനാണ് ഇതുവരെ സംസാരിച്ചത്. ഇപ്പോൾ പ്രായമായയാൾ പറയുന്നു:
''ഞങ്ങൾക്കു ജിജ്ഞാസ വേണം."
''അറിയാനുള്ള ആഗ്രഹമാണല്ലോ ജിജ്ഞാസ. അതെങ്ങനെ ഉണ്ടാക്കിത്തരും? അതു സ്വയം ഉണ്ടാകേണ്ടതാണ്."
ആദ്യം സംസാരിച്ച മദ്ധ്യവയസ്കൻ:
''ആത്മോപദേശശതകം 1-ാം പദ്യത്തിലെ 'അറിവിലുമേറി" എന്നാൽ എന്താണ്? അറിവിലെങ്ങനെയാണ് ഏറുന്നത്?"
''അറിവിൽ ഏറണ്ട. അറിവാണല്ലോ ഉള്ളതെല്ലാം. 'ഏറി" എന്ന വാക്കിന് 'കയറി" എന്ന അർത്ഥം കൂടാതെ 'അപ്പുറം കടന്നുപോയിട്ട്" എന്നുകൂടി അർത്ഥമുണ്ടല്ലോ. ഇരിക്കട്ടെ. ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ വേദാന്തം അല്‌പം പഠിച്ചിരിക്കണം. ആത്മോപദേശശതകവും നന്നായി പഠിച്ചിരിക്കണം."
''ആത്മോപദേശശതകം വായിച്ചു പഠിച്ചിട്ടുണ്ട്."
''അതുപോരാ, അതിന്റെ വ്യാഖ്യാനം വായിച്ച് അതിനെപ്പറ്റി മനനം ചെയ്തിരിക്കണം."
''അങ്ങനെ പഠിച്ചിട്ടില്ല."
''അപ്പോൾ അതൊക്കെ പഠിച്ചിട്ടു വരുക. പിന്നീട് സംശയം തോന്നുന്നെങ്കിൽ മാറ്റിത്തരാൻ ശ്രമിക്കാം."
''ഏതു വ്യാഖ്യാനം പഠിക്കണം?"
''ലളിതവ്യാഖ്യാനം ഇവിടെ ഉണ്ട്. കണ്ടിട്ടുണ്ടോ?"
''ഇല്ല."
''അതൊക്കെ വായിച്ചു മനസ്സിലാക്കാൻ പറ്റുമോ?"
''പറ്റാത്തയാളിനോട് എങ്ങനെ സംശയത്തിന് മറുപടി പറയാൻ സാധിക്കും? ഒരു കാര്യം ചെയ്യുക. 'അറിവിന്റെ ആദ്യപാഠങ്ങൾ" എന്നൊരു പുസ്തകമുണ്ട്. അത് ആദ്യം വായിച്ചു പഠിക്കുക. പിന്നീട് ആത്മോപദേശശതകം ലളിതവ്യാഖ്യാനം വായിച്ചു പഠിക്കുക. അതിനുശേഷം പ്രൊഫസർ ജി. ബാലകൃഷ്ണൻനായരുടെ വ്യാഖ്യാനം വായിക്കുക. അതിനുശേഷം സംശയം തോന്നുന്നെങ്കിൽ വരുക.
''ഒരു വിഷയത്തെ സംബന്ധിച്ച് പ്രാഥമികമായ അറിവില്ലാത്തവരുടെ സംശയങ്ങൾക്ക് ഉത്തരം പറയാൻ പ്രയാസമാണ്."
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |