തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ എസ്.ഡി.പി.ഐ നുഴഞ്ഞുകയറി ആക്രമണം അഴിച്ചുവിടുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ ബഹളം വച്ചിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്തെത്തി. എസ്.ഡി.പി.ഐയെ പറയുമ്പോൾ കോൺഗ്രസിന് പൊള്ളുന്നത് വെറുതെയല്ലെന്നും യു.ഡി.എഫിന്റെ ഘടകകക്ഷിയാക്കാനുള്ള ശ്രമം ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ആരംഭിച്ചിട്ടുണ്ടെന്നും റഹീം ആരോപിച്ചു.
എസ്.ഡി.പി.ഐയെ പറയുമ്പോൾ കോൺഗ്രസിന് പൊള്ളുന്നത് വെറുതെയല്ല, രൂപീകരണ കാലം മുതൽ പോപ്പുലർ ഫ്രണ്ട് യു.ഡി.എഫിന്റെ ഉറ്റമിത്രമാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഈ ബന്ധം പ്രകടമാണ്. പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി പരസ്യമായിത്തന്നെ രാഷ്ട്രീയ സൗഹൃദം പ്രകടിപ്പിച്ചു തുടങ്ങി. എസ്.ഡി.പി.ഐയെ യു.ഡി.എഫിന്റെ ഘടക കക്ഷിയാക്കാനുള്ള ശ്രമം ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ആരംഭിച്ചിട്ടുണ്ട്. സമൂഹം ഒറ്റക്കെട്ടായി അകറ്റി നിർത്തേണ്ട പോപ്പുലർ ഫ്രണ്ടിനെ പത്ത് വോട്ടിനു വേണ്ടി മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ട് വരുകയാണ് യു.ഡി.എഫ്- റഹീം ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്തെത്തിയിരുന്നു. കേരളത്തിലെ മഹല്ല് കമ്മിറ്റികളെ അപമാനിക്കുകയും പൗരത്വ ഭേഭഗതി നിയമത്തെ എതിർക്കുന്ന സമരങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും ഫിറോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |