തിരുവനന്തപുരം: പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവ് ലഭിച്ചാലുടൻ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു. പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്നതിന് സർക്കാർ തീരുമാനിച്ചതാണ്. ഇതിനെതിരെ ഹർജികൾ വരികയും ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്നും പി.ടി തോമസിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
ഐ.ഐ.ടി റിപ്പോർട്ട്, ഇ.ശ്രീധരന്റെ റിപ്പോർട്ട്, സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് തുടങ്ങിയവയിലെല്ലാം ഭാരപരിശോധന നടത്താനുള്ള പരിധിക്ക് പുറത്താണ് കേടുപാടുകളെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതേത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഈ സാങ്കേതിക കാര്യങ്ങളൊന്നും സുപ്രീംകോടതി പരിഗണിച്ചതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ കരാറുകാരും കരാറുകാരുടെ സഹായികളായ ചിലരും കൊടുത്ത കേസുകൾ ഇല്ലായിരുന്നുവെങ്കിൽ പാലം ഒൻപത് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കാമായിരുന്നു. മൂന്ന് മാസം മുമ്പ് ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡി.എം.ആർ.സിയെ ചുമതല ഏൽപ്പിച്ചിരുന്നു. എന്നാൽ കോടതി വിധി വന്നതിനാൽ അത് തുടങ്ങാൻ സാധിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
എറണാകുളത്ത് വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാണെന്നും ഏതുകാര്യത്തെയും അവർ ക്രിമിനലൈസ് ചെയ്യുമെന്നും മന്ത്രി ആരോപിച്ചു. വൈറ്റില, കുണ്ടന്നൂർ പാലത്തെക്കുറിച്ചുള്ള അപവാദപ്രചാരണം ഉദാഹരണമാണ്. തിരുവനന്തുപുരത്തും കോഴിക്കോട്ടും ഇത്തരം പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു.
വില കുറച്ചുകാട്ടിയുള്ള ഭൂമി രജിസ്ട്രേഷൻ
: നോട്ടീസ് അയയ്ക്കുന്നത് തുടരും
തിരുവനന്തപുരം: ഭൂമിവില കുറച്ചു കാട്ടി ആധാരം രജിസ്റ്റർ ചെയ്ത കേസുകളിലെ നഷ്ടം നികത്താൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിയമപരമായ അധികാരമുണ്ടെന്ന് മന്ത്റി ജി. സുധാകരൻ പറഞ്ഞു . വിലകുറച്ചു കാട്ടി ഭൂമി കൈമാറ്റം നടത്തിയ കേസുകളിൽ നോട്ടീസ് അയയ്ക്കുന്നത് നിറുത്തിവയ്ക്കാൻ നിർദേശം നൽകാൻ മന്ത്റിക്ക് അധികാരമില്ല. മുദ്റപത്ര ആക്ട് അനുസരിച്ചാണ് നോട്ടീസ് അയയ്ക്കുന്നത്. ഇല്ലെങ്കിൽ ആക്ടിൽ ഭേദഗതി വരുത്തേണ്ടി വരുമെന്നും മന്ത്റി പറഞ്ഞു. നിയമസഭയിൽ എം. ഉമ്മറിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |