തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തെത്തി. ഒരു സംസ്ഥാനത്തും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. ഈ തോക്കുകളും വെടിയുണ്ടകളും തീവ്രവാദ സംഘടനകള്‍ക്കാണോ കൈമാറിയതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
"കേരള പൊലീസില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അതങ്ങനെ നിസ്സാരമായി തള്ളിക്കളയാനാകില്ല. ഒരു സംസ്ഥാനത്തും കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. ഈ തോക്കുകളും വെടിയുണ്ടകളും തീവ്രവാദ സംഘടനകൾക്കാണോ കൈമാറിയതെന്ന് കണ്ടെത്തണം. ഇടതു മുന്നണിയിൽ മാവോയിസ്റ്റുകളുണ്ടെന്ന് പന്തീരാങ്കാവ് കേസോടെ വ്യക്തമായതാണ്."-ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഡി ജി പി ക്കും പൊലീസിനു മെതിരായ സി.എ.ജി റിപ്പോർട്ടിലെ വെളിപ്പെടുത്തൽ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയെയാണ്. പൊലീസിൽ നടക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയറിയുന്നില്ലെന്നാണോ മനസിലാക്കേണ്ടത്? അതോ, മുഖ്യമന്ത്രിയുടെ അനുമതിയോടെ നടന്ന അഴിമതിയാണോ ഇത്?
വിവാദ വിഷയങ്ങളിൽ പൊലീസിനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കണ്ടാൽ ഇടതു മുന്നണിയിലുള്ളവർക്കു പോലും ഇങ്ങനെ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ....കേരള പൊലീസില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അതങ്ങനെ നിസ്സാരമായി തള്ളിക്കളയാനാകില്ല. ഒരു സംസ്ഥാനത്തും കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. ഈ തോക്കുകളും വെടിയുണ്ടകളും തീവ്രവാദ സംഘടനകൾക്കാണോ കൈമാറിയതെന്ന് കണ്ടെത്തണം.
ഇടതു മുന്നണിയിൽ മാവോയിസ്റ്റുകളുണ്ടെന്ന് പന്തീരാങ്കാവ് കേസോടെ വ്യക്തമായതാണ്. ഭീകരവാദികളുമായി പൊലീസിലെ ചിലർ ബന്ധം സ്ഥാപിച്ച വിവരം നേരത്തെ പുറത്തു വന്നിട്ടുള്ളത് ആരും മറന്നിട്ടുണ്ടാകാൻ വഴിയില്ല. അപ്പോൾ, ആ വഴിക്കാണോ ഇനി തോക്കും വെടിയുണ്ടകളും അപ്രത്യക്ഷമായത്? ബാക്കിയാകുന്ന സംശയങ്ങൾ അനവധിയാണ്. മുഖ്യമന്ത്രിയുടെ മറുപടി വരട്ടെ, എന്നിട്ടാകാം ബാക്കി!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |