കൊച്ചി: ഒാട്ടോറിക്ഷകളിൽ യാത്രക്കാർക്കു കാണുംവിധം അച്ചടിച്ച യാത്രാനിരക്ക് കാർഡ് ഒട്ടിക്കാമോയെന്ന് മോട്ടോർവാഹന വകുപ്പും ലീഗൽ മെട്രോളജി അധികൃതരും പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കണ്ണൂർ ജില്ലയിൽ ഒാട്ടോറിക്ഷകൾ അധികചാർജ് വാങ്ങുന്നെന്ന് ആരോപിച്ച് ദി ട്രൂത്ത് എന്ന സംഘടനയുൾപ്പെടെ നൽകിയ ഹർജികളിലാണ് യാത്രക്കാരെ വട്ടംകറക്കുന്ന ഒാട്ടോകൾക്ക് മൂക്കുകയറിടാനുള്ള നിർദ്ദേശങ്ങൾ സിംഗിൾബെഞ്ച് നൽകിയത്. മീറ്റർ ഘടിപ്പിക്കാത്തതുൾപ്പെടെയുള്ള പരാതികൾ പറയാനുള്ള ഫോൺ നമ്പരുകൾ വാഹനങ്ങളിലും പൊതുസ്ഥലത്തും പ്രദർശിപ്പിക്കാൻ കണ്ണൂരിലെ പൊലീസ് അധികൃതർ ഉടൻ നടപടിയെടുക്കണമെന്നും മറ്റു ജില്ലകളിൽ ഇതു നടപ്പാക്കുന്നെന്ന് ഡി.ജി.പി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
മറ്റു നിർദ്ദേശങ്ങൾ
1. എമർജൻസി സപ്പോർട്ട് റെസ്പോൺസ് സംവിധാനം, ഹൈവേ പൊലീസ്, പിങ്ക് പൊലീസ്, വനിതാ ഹെൽപ്പ് ലൈൻ തുടങ്ങിയവയുടെ നമ്പരുകൾ യാത്രക്കാരുടെ പരാതികളോടു പ്രതികരിക്കാൻ കഴിയുന്ന തരത്തിൽ യൂസർ ഫ്രണ്ട്ലിയാകണം.
2. അമിതനിരക്ക് ഇൗടാക്കിയെന്ന പരാതി ലഭിച്ചാൽ പരിശോധിച്ച് ഒാട്ടോക്കാരന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നുറപ്പാക്കണം. ഉചിതമായ നടപടി സ്വീകരിക്കണം.
3. യാത്രക്കാർ വിളിച്ചാൽ മറ്റൊരു നമ്പരിലേക്ക് വിളിക്കാൻ പറയരുത്. ഇക്കാര്യം എസ്.പി ഉറപ്പാക്കണം. ഇത്തരം കോളുകൾ ഉചിതമായ കൺട്രോൾ സെന്ററിലേക്ക് തിരിച്ചുവിടാൻ സംവിധാനം വേണം.
4. ഒാട്ടോഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടാൽ മോട്ടോർവാഹന നിയമം, ലീഗൽ മെട്രോളജി നിയമം തുടങ്ങിയവ പ്രകാരം നടപടിക്ക് റിപ്പോർട്ട് ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം.
നിലവിൽ വിളിക്കാവുന്നത്
എമർജൻസി റെസ്പോൺസ് സിസ്റ്റം - 112 (ടോൾഫ്രീ )
പിങ്ക് പട്രോൾ - 1515 (ടോൾഫ്രീ)
വനിതാ ഹെൽപ്പ് ലൈൻ - 1091 (ടോൾഫ്രീ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |