ന്യൂഡൽഹി:പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം കണക്കിലെടുത്ത് രണ്ടു മാസമായി ഇന്ത്യ അമേരിക്കൻ രഹസ്യവിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ഡൽഹിയിലും 'കെം ഛോ ട്രംപ്' ( ഹലോ ട്രംപ് ) പരിപാടി നടക്കുന്ന അഹമ്മദാബാദിലും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ വിന്യസിച്ചു കഴിഞ്ഞു. ഈ മാസം 24,25 തീയതികളിലാണ് ട്രംപ് എത്തുന്നത്.
മുഖം മിനുക്കി പ്രസിഡൻഷ്യൽ സ്യൂട്ട്
ഡൽഹിയിൽ രാഷ്‌ട്രത്തലവൻമാർ താമസിക്കുന്ന നക്ഷത്ര ഹോട്ടലായ ഐ.ടി.സി മൗര്യഹോട്ടലിലെ 14-ാം നിലയിൽ ട്രംപിനും പത്നി മെലാനിയ ട്രംപിനുമായി പ്രസിഡൻഷ്യൽ സ്യൂട്ട് ഒരുങ്ങിക്കഴിഞ്ഞു. 4800 ചതുരശ്ര അടിയുള്ള സ്യൂട്ട് ഒരുമാസം മുമ്പേ പുതുക്കിപ്പണിതു. കിടപ്പുമുറി, ഓഫീസ്, സ്വീകരണ മുറി, അടുക്കള, ജിം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. മുൻ യു. എസ് പ്രസിഡന്റുമാരായ ബിൽ ക്ളിന്റൻ, ബറാക് ഒബാമ എന്നിവരും ഇവിടെ താമസിച്ചിട്ടുണ്ട്.
ട്രംപിന്റെ സുരക്ഷാ ഭടന്മാരുടെ നിരീക്ഷണത്തിലാണ് ഹോട്ടലും പരിസരവും. പ്രസിഡന്റിന്റെ താഴെയും മുകളിലുമുള്ള നിലകളിൽ സുരക്ഷാ ഭടന്മാരായിരിക്കും.
ട്രംപിന് ഭക്ഷണം തയ്യാറാക്കാൻ അമേരിക്കൻ സംഘം എത്തും. ഇന്ത്യൻ ഭക്ഷണവും കരുതും. ഡൽഹിയിലെ മലിനീകരണം കണക്കിലെടുത്ത് വായു ശുദ്ധീകരിക്കാൻ എയർപ്യൂരിഫയറുകളും സ്ഥാപിച്ചിട്ടുണ്ട്. യു.എസ് സംഘാംഗങ്ങൾക്കായി ഡൽഹിയിലെ മറ്റു പഞ്ചനക്ഷത്ര ഹോട്ടലുകളും ബുക്കു ചെയ്‌തു.
സീക്രട്ട് സർവ്വീസിന്റെ ചുമതലകൾ
ട്രംപിന്റെ പരിപാടികൾ, നടക്കുന്ന സ്ഥലങ്ങൾ, പങ്കെടുക്കുന്നവർ, പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ച, പത്രസമ്മേളനം എന്നിവയ്‌ക്ക് സുരക്ഷ ഒരുക്കും.
ട്രംപ് വിമാനമിറങ്ങും മുൻപ് ആകാശത്ത് മറ്റ് വിമാനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കും.
ട്രംപ് റോഡ് മാർഗം സഞ്ചരിക്കുന്ന റൂട്ടുകളിൽ ട്രോമാ കെയർ ആശുപത്രികൾ ഉറപ്പാക്കും. അപകടമുണ്ടായാൽ പത്തുമിനിട്ടിൽ ആശുപത്രിയിൽ എത്തും
പ്രസിഡന്റിന്റെ അതേ ഗ്രൂപ്പ് രക്തം നിറച്ച ബാഗുകൾ വാഹനത്തിൽ കരുതും.
ഇന്ത്യയിലെ ഭീകരസംഘടനകളുടെ പ്രവർത്തനം വിലയിരുത്തും.
യു.എസ് ബോംബ് സ്‌ക്വാഡിന്റെ പരിശോധന
പ്രസിഡന്റിന്റെ വിമാനമായ എയർഫോഴ്സ് വൺ പ്രത്യേക സ്ഥലത്ത് പാർക്ക് ചെയ്യും. പെട്ടെന്ന് പറക്കാനായി വിമാനത്തിന്റെ എൻജിൻ ഓഫാക്കില്ല.
സ്റ്റാൻഡ്ബൈ വിമാനവും റെഡിയായിരിക്കും.
പ്രസിഡന്റിന്റെ കാഡിലാക്ക് കാറിന്റെ ഡ്രൈവർക്ക് 180 ഡിഗ്രിയിൽ വണ്ടി തിരിക്കാൻ കഴിവുണ്ട്.
പ്രസിഡന്റിനുള്ള ഭക്ഷണവും നിരീക്ഷിക്കും
ട്രംപ് 'മോഗുൽ', മെലാനിയ 'മ്യൂസ്'
അമേരിക്കയുടെ എല്ലാ പ്രസിഡന്റ്മാർക്കും വൈസ് പ്രസിഡന്റ്മാർക്കും കുടുംബാംഗങ്ങൾക്കും സീക്രട്ട് സർവീസ് കോഡ് പേരുകൾ നൽകിയിട്ടുണ്ട്. ട്രംപിന്റെ രഹസ്യപ്പേര് പ്രമുഖൻ എന്നർത്ഥമുള്ള 'മോഗുൽ' എന്നാണ്. പത്‌നി മെലാനിയയുടേത് ഗ്രീക്ക് ദേവതയുടെ പേരായ 'മ്യൂസ്' എന്നാണ്. മകൾ ഇവാൻകയുടേത് 'മാർവെൽ'.
മറ്റ് ചില കോഡ് പേരുകൾ
ബറാക് ഒബാമ: റെനിഗേഡ്
മിഷേൽ ഒബാമ: റിനൈസാൻസ്
ബിൽ ക്ലിന്റൺ: ഈഗിൾ
ഹിലാരി ക്ലിന്റൺ: എവർഗ്രീൻ
ചെൽസി ക്ലിന്റൺ :എനർജി
ജിമ്മി കാർട്ടർ: ലോക് മാസ്റ്റർ
റോസലിൻ കാർട്ടർ:റോസ് പെറ്റൽ
ജോൺ എഫ്. കെന്നഡി:ലാൻസർ
ജാക്വിലിൻ കെന്നഡി:ലെയ്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |