തിരുവനന്തപുരം: മികച്ച പ്രവർത്തനത്തിന് സ്വരാജ് ട്രോഫിക്കും പ്രത്യേക ധനസഹായത്തിനും അർഹത നേടിയ തദ്ദേശസ്ഥാപനങ്ങളുടെ വിവരങ്ങൾ മന്ത്രി എ.സി.മൊയ്‌തീൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കണ്ണൂരിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മികച്ച ഗ്രാമപഞ്ചായത്തായും എറണാകുളത്തെ മുളന്തുരുത്തി രണ്ടാമതും ആലപ്പുഴയിലെ വീയപുരം മൂന്നാം സ്ഥാനവും നേടി. തിരുവനന്തപുരത്തെ നെടുമങ്ങാടാണ് മികച്ച ബ്ലോക്ക് പഞ്ചായത്ത്. തൃശൂരിലെ പഴയന്നൂരിന് രണ്ടും കോട്ടയത്തെ ളാലത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം നേടി. കണ്ണൂരും കൊല്ലവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സംസ്ഥാന തലത്തിൽ മൂന്നു വിഭാഗങ്ങളിലെയും ഒന്നാം സ്ഥാനം നേടുന്ന സ്ഥാപനത്തിന് 25 ലക്ഷം രൂപ പ്രത്യേക പദ്ധതി ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. രണ്ടാം സ്ഥാനത്തിന് 20 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 15 ലക്ഷം രൂപയും ലഭിക്കും. പുരസ്‌കാരം 18, 19ന് വയനാട് വൈത്തിരിയിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ വിതരണം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, ഗ്രാമവികസന കമ്മിഷണർ പദ്മകുമാർ, പഞ്ചായത്ത് വകുപ്പ് അഡി. ഡയറക്ടർ അജിത്കുമാർ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |