തിരുവനന്തപുരം: പൊലീസ് ട്രെയിനികളുടെ പുതിയ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് പുറത്ത്. പൊലീസ് അക്കാദമി എ.ഡി.ജി.പിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ആരോഗ്യവിദഗ്ധർ നൽകിയ മെനുവാണ് ഉത്തരവായി ഇറക്കിയതെന്നും ബീഫിന് നിരോധനം ഇല്ലെന്നുമാണ് ട്രെയിനിംഗ് എ.ഡി.ജി.പിയുടെ വിശദീകരണം നൽകിയത്.
കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ ബറ്റാലിയനുകളിലായ 2800 പേരാണ് പുതിയ പരിശീനത്തിനായി ചേർന്നത്. ഇവർക്കായി തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നും പുറത്തിറക്കിയ ഭക്ഷണ മെനുവാണ് വിവാദമായത്. മുട്ടയും, കോഴിക്കറിയും, മീനുമെല്ലാം മെനുവിൽ ഉള്‍പ്പെടുത്തിയെങ്കിലും ബീഫിനെ ഒഴിവാക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ പരിശീലന കാലയളവിൽ ബീഫ് നൽകിയിരുന്നതായും പൊലീസുകാർ പറയുന്നു.
അതേസമയം, മെനുവിൽ ബീഫ് ഇല്ലെങ്കിലും ഭക്ഷണത്തിൽ നിന്ന് പാടെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു. ബീഫ് കഴിക്കുന്നതിന് നിരോധനമില്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ബീഫ് ഒഴിവാക്കിയതിലെ അതൃപ്തി പൊലീസുകാർ സംഘടനകളെയും അറിയിച്ചിട്ടുണ്ട്. നേരത്തെ, തൃശൂർ പൊലീസ് അക്കാദമിയിൽ ഐ.ജിയായ സുരേഷ് രാജ് പുരോഹിത് ബീഫ് നിരോധിച്ചത് ഏറെ വിവാദമായിരുന്നു. എന്നാൽ പിന്നീട് സർക്കാർ നിരോധനം മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |