കൊച്ചി : തനിക്കെതിരെ അപകീർത്തികരമായ കത്തയച്ചതിന് തിരുവനന്തപുരം സ്വദേശി അഡ്വ. സാന്റി ജോർജ്ജിനെതിരെയുള്ള കോടതിയലക്ഷ്യക്കേസിൽ മൊഴി നൽകാൻ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാൽപാഷ ഹൈക്കോടതിയിൽ എത്തി. ഇന്നലെ ഉച്ചയോടെ ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ കെമാൽപാഷയുടെ വിശദീകരണം കോടതി പരിഗണിച്ചു.
താൻ ഉൾപ്പെട്ട ഒരു കേസിൽ ജസ്റ്റിസ് ബി. കെമാൽപാഷ പറഞ്ഞ വിധി ഇഷ്ടപ്പെടാതിരുന്ന സാന്റി ജോർജ്ജ് അസഭ്യ വാക്കുകൾ ഉൾപ്പെടുത്തി അദ്ദേഹത്തിന് കത്തയച്ചിരുന്നു. കെമാൽപാഷ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയതിനെത്തുടർന്നാണ് സാന്റി ജോർജ്ജിനെതിരെ കേസെടുത്തത്.
പിന്നീട് സർവീസിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. കെമാൽപാഷ പൊതു യോഗങ്ങളിൽ പറയുന്ന കാര്യങ്ങളെ വിമർശിച്ച് ഇയാൾ മിക്കപ്പോഴും അസഭ്യവർഷവുമായി കത്തുകൾ എഴുതി. ഇവയും കോടതിയലക്ഷ്യ ഹർജിക്കൊപ്പം ചേർത്തിട്ടുണ്ട്. കെമാൽപാഷയെ അപകീർത്തിപ്പെടുത്തി ചീഫ് ജസ്റ്റിസിനും ഇയാൾ കത്തയച്ചിരുന്നു. സ്വമേധയാ പരിഗണിക്കുന്ന കോടതിയലക്ഷ്യക്കേസിൽ നടപടികളുമായി ഹൈക്കോടതി മുന്നോട്ടു പോകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |