ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തിരഞ്ഞെടുപ്പുകളിൽ എപ്പോഴും ബി.ജെ.പിയെ വിജയിപ്പിക്കാൻ കഴിയില്ലെന്ന് ആർ.എസ്.എസ്. ഡൽഹി തിരഞ്ഞെടുപ്പിനെ വിലയിരുത്തിക്കൊണ്ട് ആർ.എസ്.എസിന്റെ മുഖപത്രമായ ഓർഗനൈസറിലാണ് ഇക്കാര്യം പറയുന്നത്.
2015ന് ശേഷം സംഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടതായി ആർ.എസ്.എസ് പറയുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ പ്രചാരണത്തിൽ പോരായ്മകളുണ്ടായി. നന്നായി പോരാടിയ ഡൽഹി തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ ഇവ രണ്ടും പ്രധാന കാരണങ്ങളായെന്നും ആർ.എസ്.എസ് ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എന്നും സഹായിക്കാനാകില്ല. ജനങ്ങളുടെ പ്രാദേശിക അഭിലാഷങ്ങൾ പരിഹരിക്കുന്നതിന് ഡൽഹിയിൽ സംഘടന പുനസംഘടിപ്പിക്കുകയല്ലാതെ വേറെ മാർഗമില്ല.. ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന 1700 അനധികൃത കോളനികൾ നിയമവിധേയമാക്കാമെന്ന വാഗ്ദാനം ജനങ്ങളിലേക്കെത്തിക്കാനായില്ലെന്നും ആർ..എസ്.എസ് പറയുന്നു.
അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ വൻ പ്രചാരണം നടത്തിയിട്ടും ബി.ജെ.പി എട്ട് സീറ്റിലൊതുങ്ങുകയായിരുന്നു. ആം ആദ്മി പാര്‍ട്ടി 70ൽ 62 സീറ്റ് നേടി അധികാരം നിലനിറുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |