രാജ്യപുരോഗതിയിൽ മാനേജ്മെന്റിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് രാജ്യമെമ്പാടും 'ദേശീയ മാനേജ്മെന്റ് ദിനം' ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആൾ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷൻ (ഐമാ) രാജ്യത്തുടനീളമുള്ള 68 പ്രാദേശിക മാനേജ്മെന്റ് അസോസിയേഷൻ ശൃംഖലയിലൂടെ വിവിധ പരിപാടികൾ നടപ്പിലാക്കുന്നുണ്ട്.
64 വർഷങ്ങൾ പിന്നിടുന്ന ഐമാ, വ്യക്തികളെയും പ്രസ്ഥാനങ്ങളെയും തങ്ങളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തി ലക്ഷ്യം കണ്ടെത്താൻ ശാക്തീകരിക്കുക എന്ന ദൗത്യം പ്രശംസനീയമായി നിർവഹിച്ചു വരികയാണ്.
ഫോർഡ് ഫൗണ്ടേഷന്റെ സഹായത്തോടെ സ്ഥാപിതമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് (ഐ.എം.എം) ഇന്ത്യയുടെ പ്രൊഫഷണൽ മാനേജ്മെന്റ് രംഗത്തെ ആദ്യത്തെ ചുവടുവയ്‌പായിരുന്നു എന്നു പറയാം. ഹാർവേർഡിലും സ്റ്റാൻഫോർഡിലും അവിടത്തെ ഫാക്കൽറ്റിക്ക് പരിശീലനം നൽകാനും ഫോർഡ് ഫൗണ്ടേഷൻ താത്‌പര്യമെടുത്തു. സ്ളോവൻ സ്കൂൾ ഒഫ് മാനേജ്മെന്റും എം.ഐ.റ്റിയും ഐ.എം.എം കൊൽക്കത്തയ്ക്കും അഹമ്മദാബാദിനും 1963 വരെ സാങ്കേതിക സഹായം നൽകിയിരുന്നു. ഐ.എം.എം കളിൽ നിന്നും മറ്റ് മികച്ച മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും പുറത്തുവന്ന മാനേജ്മെന്റ് ബിരുദധാരികൾ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച് ഇന്ത്യയിലും വിദേശങ്ങളിലും അംഗീകാരം നേടുമ്പോൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ് ഉയരുന്നത്.
ഇന്ത്യൻ വ്യവസായ രംഗത്തെപ്പോലെ വിശാലവും സങ്കീർണവുമായ ഒരു മേഖലയിലെ വെല്ലുവിളികൾ തരണം ചെയ്ത് വിജയം വരിച്ച ഇന്ത്യയുടെ പ്രൊഫഷണൽ മാനേജർമാർക്ക് ബഹുരാഷ്ട്ര കമ്പനികൾ പ്രത്യേക പരിഗണന നൽകുന്നു. സുന്ദർ പിച്ചൈ (ഗൂഗിൾ), ശന്തനു നാരായൺ (അബോഡ്), സത്യനാദെല്ലാ (മൈക്രോസോഫ്റ്റ്), അജയ് ബംഗാ (മാസ്റ്റർ കാർഡ്), രാജീവ് സൂരി (നോക്കിയ), ഫ്രാസിന്റോ ഡിസൂസ (കോഗ് നൈസന്റ്), ദിനേശ് പാലിവൽ (ഹാർമൻ ഇന്റർനാഷണൽ), സഞ്ചയ് മെഹറോത്ര (മൈക്രോൺ ടെക്നോളജി), അശോക് വെമൂരി (കോൺ ഡ്യൂയന്റ്), ഇവാൻ മെനിസിസ് (ഡിയാഗോ) തുടങ്ങിയവർ ആഗോള പ്രശസ്തി നേടിയ ഇന്ത്യൻ മാനേജർമാരിൽ ഉൾപ്പെടുന്നു എന്നത് നമ്മുടെ രാജ്യത്തിന് അഭിമാനിക്കാൻ വക നൽകുന്ന ഒരു കാര്യമാണ്.
ഇന്റർനെറ്റ് ഒാഫ് തിങ്സ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ മേഖല പ്രയോജനപ്പെടുത്തി പ്രവർത്തിച്ചാൽ മാത്രമേ ഇന്ന് സ്ഥാപനങ്ങൾക്ക് വിജയം വരിക്കാനാവൂ എന്ന അവബോധം ഇന്ത്യൻ മാനേജ്മെന്റ് രംഗത്ത് വളരെ ശക്തമാണ്. പല കമ്പനികളും ഒരു ഡിജിറ്റൽ പരിവർത്തനയാത്ര ആരംഭിച്ചു കഴിഞ്ഞു.
ഇന്ന് ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ മാനേജ്മെന്റ് ദിനാചരണ ചടങ്ങിൽ കേന്ദ്ര റെയിൽവേ കോമേഴ്സ് ആന്റ് ഇൻഡസ്ട്രി മന്ത്രി പിയൂഷ് ഗോയൽ മുഖ്യാതിഥിയാണ്. ഈ വർഷത്തെ മാനേജ്മെന്റ് ദിനത്തിന്റെ തീം ''ഡിജിറ്റൽ യുഗത്തിൽ വിജയിക്കുക'' എന്നതാണ്. ഹോട്ടൽ ഡി മെറീഡിയനിൽ നടക്കുന്ന പരിപാടിയിൽ വച്ച് ഐമയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എസ്. രാമദുരൈക്കും (ചെയർമാൻ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ്), പബ്ളിക് സർവീസ് എക്സലൻസ് അവാർഡ് ആർ.എസ്. സോധിക്കും (എം.ഡി ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ) നൽകി ആദരിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |