ചെന്നൈ : മദ്രാസ് ഹൈക്കോടതിയുടെ വിലക്ക് മറികടന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച ചെന്നൈയിൽ റാലി നടത്തിയതുമായി ബന്ധപ്പെട്ട് 1000 സ്ത്രീകൾ ഉൾപ്പെടെ 15,000 പേർക്കെതിരെ പൊലീസ് കേസെടുത്തു. 38 മുസ്ളിം സംഘടനാ നേതാക്കളും പ്രതിപക്ഷ നേതാക്കളും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് ഓൾഡ് വാഷർമെൻപേട്ടിൽ നടക്കുന്ന 'ഷഹീൻബാഗ് സമരം" ഏഴു ദിവസം പിന്നിട്ടു. ഇന്നലെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് സമരത്തിനെത്തി. വിഭജിച്ചു ഭരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും അതിനെതിരെ ഒരുമിച്ചുള്ള പോരാട്ടമാണ് വേണ്ടതെന്നും വൃന്ദാ കാരാട്ട് പറഞ്ഞു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. പ്രതിപക്ഷ പാർട്ടികൾ സമരം ഏറ്റെടുത്തത് മുതൽ നിരവധി പ്രമുഖ നേതാക്കൾ ചെന്നൈയിലെ ഷഹീൻബാഗിലെത്തുന്നുണ്ട്. ഇന്നലെ വൃന്ദ കാരാട്ട് എത്തിയതോടെ സമരം ദേശീയ ശ്രദ്ധയാകർഷിച്ചു. കൂടാതെ മണ്ണടിയിലും രാപ്പകൽ സമരം തുടരുകയാണ്. വിവിധ പ്രതിപക്ഷ പാർട്ടികളിലും മനുഷ്യാവകാശ, സാമൂഹിക സംഘടനകളിൽപ്പെട്ടവരും പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എത്തുന്നുണ്ട്. സമരം അവസാനിപ്പിക്കാനുള്ള ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്തു നിന്നു ഇതുവരെ ഉണ്ടായിട്ടില്ല.
ഭരണഘടനാ സംരക്ഷണ യോഗം 23ന്
പൗരത്വ നിയമത്തിനെതിരെ ഫോറം ഫോർ പ്രൊട്ടക്‌ഷൻ ഒഫ് കോൺസ്റ്റിറ്റ്യൂഷൻ സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ പൊതുയോഗം 23ന് വൈകിട്ട് 3.30 മുതൽ മദിരാശി കേരള സമാജത്തിൽ നടക്കും. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം, സി.പി.എം സെൻട്രൽ ചെന്നൈ ജില്ലാ സെക്രട്ടറി ജെ. സെൽവ, സുപ്രീം കോടതി അഭിഭാഷക രശ്‌മിത രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |