പയ്യന്നൂർ: പ്രതിശ്രുത വധുവിനെ കാണാനുള്ള യാത്രയിൽ ആകസ്മികമായി കടന്നുവന്ന ദുരന്തം തട്ടിയെടുത്ത സനൂപ് കണ്ണീരോർമ്മയായി. ഇന്നലെ രാവിലെ 11.30 ഓടെ പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരത്തെ സമുദായ ശ്മശാനത്തിൽ ജീവിതസ്വപ്നങ്ങൾ ബാക്കിവച്ച് ആ 29 കാരൻ എരിഞ്ഞടങ്ങി.
ഇന്നലെ രാവിലെ കാനം ബ്രദേഴ്സ് ക്ളബിൽ പൊതുദർശനത്തിന് വച്ച മൃതദേഹം കാണാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ സി. കൃഷ്ണൻ,ടി.വി.രാജേഷ്, ജില്ലാ കളക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ എത്തി.
എറണാകുളത്ത് പഠിക്കുന്ന നീലേശ്വരം സ്വദേശിയുമായുള്ള സനൂപിന്റെ വിവാഹം ഏപ്രിലിൽ നടക്കാനിരിക്കെയാണ് വിധി തട്ടിയെടുത്തത്. എറണാകുളത്ത് പ്രതിശ്രുതവധുവിനെ കാണാനായി പോകുകയായിരുന്നു.
ആട്ടോഡ്രൈവറായ കാനത്തെ എൻ.വി. ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്. ചെറുപ്രായത്തിൽ തന്നെ മുറുക്ക് നിർമ്മാണ ജോലി ചെയ്ത് പിതാവിനെ സഹായിച്ചിരുന്നു. പഠിക്കാൻ അതി സമർദ്ധനും. പ്ലസ് ടു വരെ പയ്യന്നൂർ കണ്ടങ്കാളി ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു. കൊല്ലം ടി.കെ.എം കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബി.ടെക്കും ട്രിച്ചിയിൽ നിന്ന് എം.ടെക്കുമെടുത്താണ് ബംഗളൂരുവിലെ കോണ്ടിനന്റൽ ഓട്ടോമോട്ടീവ് കോംബോണൻസിൽ ജോലിയിൽ കയറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |