ലക്‌നൗ: പൗരത്വ നിയമ ഭേദഗതിയെ വീണ്ടും ന്യായീകരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന അമുസ്‌ലീങ്ങൾക്ക് അഭയം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് മന്ത്രി ശനിയാഴ്ച പറഞ്ഞു. ലക്‌നൗവിൽ ഹിന്ദുസ്ഥാൻ സമാഗമത്തിൽ സംസാരിക്കുകയായിരുന്നു സ്‌മൃതി ഇറാനി.
'സിഖ് അല്ലെങ്കിൽ ഹിന്ദു പെൺകുട്ടികളെ ബലാത്സംഗം ചെയ്തവരെ വിവാഹം കഴിക്കാൻ നിർബന്ധിച്ച കേസുകളുണ്ട്. അത്തരത്തിലുള്ള ആളുകളാണ് ഇന്ത്യയിൽ അഭയം തേടാൻ ആഗ്രഹിക്കുന്നത്. അവർക്ക് അഭയം നൽകുന്ന ഈ നിയമത്തിൽ എനിക്ക് അഭിമാനമുണ്ട്'- സ്‌മൃതി ഇറാനി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോൾ,ഈ സാഹചര്യത്തിൽ അവരോട് സംസാരിക്കാൻ സാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. 'ഞങ്ങൾ മോദിയെ കൊലപ്പെടുത്തും’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്താൻ കുട്ടികളെ പരിശീലിപ്പിക്കുന്നവരോട് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? ഞങ്ങൾ 15 കോടി ആണെന്ന് പറയുന്നവരോട് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? മന്ത്രി ചോദിച്ചു.
പ്രതിഷേധക്കാർ മക്കളെ എന്തിനാണ് പ്രതിഷേധ സ്ഥലത്തേക്ക് കൊണ്ടുവരുന്നതെന്നും,ശൈത്യകാലത്ത് ഒരു സ്ത്രീ തന്റെ നാലുമാസം പ്രായമുള്ള കുട്ടിയെ പ്രതിഷേധ സ്ഥലത്തേക്ക് കൊണ്ടുവന്നതും, ആ കുട്ടിയുടെ മരണവും ഞെട്ടലുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നതിനിടെ, ഷഹീൻ ബാഗിൽ ഭിന്നിപ്പുള്ള മുദ്രാവാക്യങ്ങളുപയോഗിച്ച് കോൺഗ്രസിലെ സൽമാൻ ഖുർഷിദിനെപ്പോലുള്ള നേതാക്കൾ അഭിനിവേശം കൊള്ളുകയാണെന്നും അവർ ആരോപിച്ചു. പണ്ഡിറ്റുകളെ കാശ്മീരിൽ നിന്ന് പുറത്താക്കിയപ്പോൾ എന്തുകൊണ്ടാണ് അദ്ദേഹം ഇതേ ആശങ്ക പ്രകടിപ്പിക്കാത്തതെന്ന് മന്ത്രി ചോദിച്ചു.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെങ്കിലും അവർ റോഡുകൾ തടയരുതെന്ന് തിങ്കളാഴ്ച സുപ്രീം കോടതി നിർദേശിച്ചിരുന്നു.'കാഴ്ചപാടുകള്‍ പ്രകടമാക്കുന്നതിലൂടെയാണ് ജനാധിപത്യം നിലനില്‍ക്കുന്നത്. എന്നാല്‍, അതിന് അതിരുകളും അതിര്‍വരമ്പുകളുമുണ്ട്. പ്രതിഷേധിക്കാം അതിന് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ നാളെ മറ്റൊരു സമൂഹം വേറൊരു സ്ഥലത്ത് ഇതുപോലെ പ്രതിഷേധം നടത്തും. അപ്പോഴും ഗാതഗതം തടസപ്പെടും. എല്ലാവരും റോഡുകള്‍ ഇങ്ങനെ തടസപ്പെടുത്തിയാല്‍ ആളുകള്‍ എവിടെ പോകും എന്നത് മാത്രമാണ് ഞങ്ങളുടെ ആശങ്ക'എന്നായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |