കഴിഞ്ഞ കുറിപ്പിൽ കണ്ട മദ്ധ്യവയസ്കൻ തന്റെ പ്രശ്നങ്ങളുടെ ഭാണ്ഡക്കെട്ട് വീണ്ടും അഴിക്കുന്നു.
'എന്റെ അസ്വസ്ഥതയ്ക്ക് ഞാൻ മരുന്ന് കഴിക്കുന്നുണ്ട്. എന്നാൽ ഇൗ മരുന്ന് രോഗചികിത്സയ്ക്കുള്ളതല്ല. രോഗം അതായത് ഭയം, വരുന്നത് ഒരു നിമിഷത്തേക്ക് നീട്ടിവയ്ക്കുകയേ അത് ചെയ്യുന്നുള്ളൂ."
'നിങ്ങൾക്ക് ഭയമുള്ളത് മരണത്തെയാണല്ലോ? ആർക്കെങ്കിലും ഒഴിവാക്കാനാകുന്ന ഒന്നാണോ മരണം?"
'അല്ല"
'ഞാനും നിങ്ങളും എല്ലാവരും മരിക്കും. ആ സ്ഥിതിക്ക് അതിനെ ഭയക്കാതിരിക്കുകയല്ലേ അറിവുള്ളവർ ചെയ്യുന്നത്? നിങ്ങൾ വിദ്യാഭ്യാസമുള്ള ഒരാളല്ലേ?"
'അത് ശരിയാണ്. പക്ഷേ അങ്ങനെ തോന്നാറില്ല."
'അതിന് കാരണം നിങ്ങൾ നേടിയ വിദ്യാഭ്യാസം തൊഴിൽ നേടാൻ വേണ്ടി മാത്രമുള്ളതാണ് എന്നതാണ്. ജീവിതത്തെപ്പറ്റിയുള്ള അറിവില്ലാതെ എത്ര വലിയ ശമ്പളമുള്ളവനായിത്തീർന്നാലും, എത്രവലിയ മാന്യസ്ഥാനം സമൂഹത്തിൽ നേടിയാലും അതൊക്കെ വ്യർത്ഥമായിപ്പോകും. അതിന് നല്ലൊരു ഉദാഹരണമാണ് നിങ്ങൾ."
'എന്റെ ഇൗ അവസ്ഥയ്ക്ക് പരിഹാരമായി ബുദ്ധമതത്തിലെ ചില ധ്യാനസാധനകൾ ശീലിക്കാറുണ്ട്."
'നിങ്ങൾ ബുദ്ധമതത്തിലെ ധ്യാനം ശീലിക്കുന്നു. പക്ഷേ, ബുദ്ധമതം എന്തിന് വേണ്ടിയാണ് ഇൗ ധ്യാനം നിർദ്ദേശിക്കുന്നതെന്ന് നിങ്ങൾ അറിയുന്നുമില്ല."
'എന്താണ് ആ ലക്ഷ്യം?"
'ബുദ്ധമതപ്രകാരം എല്ലാ ദുഃഖങ്ങൾക്കും കാരണം ആശയാണ്. നിങ്ങൾക്കും ഇപ്പോൾ ദുഃഖകാരണം പണത്തിനോടുള്ള ആശയും സമൂഹത്തിൽ മാന്യനായിരിക്കാനുള്ള ആശയുമാണ്. നിങ്ങളാകട്ടെ ആ ആശകൾ കൈവെടിയാൻ മനസില്ലാതെ, ആ ആശകളുണ്ടാക്കിയ പ്രശ്നത്തിന് പരിഹാരമെന്ന നിലയിൽ ബുദ്ധമതത്തിലെ തന്നെ ധ്യാനം ശീലിക്കുന്നു. അതെങ്ങനെ ഫലിക്കും?"
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |