തിരുവനന്തപുരം: അവിനാശി ബസപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയമത്തിൽ പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്ന വിദഗ്ദ്ധ റിപ്പോർട്ട് നിയമസഭയുടെ അനുവാദത്തോടെ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് കൈമാറും.
ഗതാഗത വകുപ്പിനു പുറമേ തൊഴിൽ വകുപ്പിലേയും വിദഗ്ദ്ധരുൾപ്പെടുന്ന സംഘത്തിന് നാളെ രൂപം നൽകും. ഈ സംഘം പാലക്കാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷം തമിഴ്നാട് ഗതാഗത വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തയ്യാറാക്കുന്ന റിപ്പോർട്ടാകും നിയമസഭയിൽ അവതരിപ്പിക്കുക. സഭയിൽ നിന്നും ഉയരുന്ന ഭേദഗതികളോടെ അന്തിമ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറാനാണ് ഗതാഗത വകുപ്പിന്റെ പദ്ധതി.
19 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ച് വിദഗ്ദ്ധ അന്വേഷണം നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. കണ്ടെയ്നർ ലോറികളിൽ രണ്ട് ഡ്രൈവർമാർ വേണമെന്ന
കേന്ദ്രമോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥ 2018ൽ എടുത്തുമാറ്റിയിരുന്നു. ഇത് പുനഃസ്ഥാപിക്കുക, ഡ്രൈവർമാർക്ക് വിശ്രമത്തിന് ദേശീയപാതയോരങ്ങളിൽ സൗകര്യമൊരുക്കുക തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്ന കാര്യം ഇപ്പോൾ തന്നെ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
പ്രശ്നമായത് അമിതഭാരം
അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവർ കഴിഞ്ഞ ഒരു മാസത്തിനിടെ ചെന്നൈയിൽ 24 തവണ പോയിരുന്നതായാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. വിശ്രമമില്ലാതെ ഇയാൾ വാഹനമോടിച്ചെന്നു സാരം. മാത്രമല്ല 17 ടൺ ശേഷിയുള്ള ലോറിയിൽ 30 ടൺ ആണ് കയറ്റിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |