തെന്മല: രാത്രിയിൽ മനപ്പൂർവം വണ്ടി അപകടത്തിൽപ്പെടുത്തി പണം തട്ടുന്ന കവർച്ച സംഘം വ്യാപകം. തെന്മലയിൽ നിന്ന് ബംഗളൂരുവിൽ ഗ്രാനൈറ്റ് വാങ്ങാൻ പോയ ആറംഗ സംഘം സഞ്ചരിച്ച കാറിന് അള്ളുവെച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചതായി പരാതി. ഇതിന് പിന്നിൽ കവർച്ച സംഘമാണെന്നാണ് പൊലീസിന്റെ സംശയം.
യാത്രാമധ്യേ രാത്രി 9.30ന് ഹൊസൂരിന് സമീപം ഹോട്ടലിൽ ആഹാരം കഴിക്കാനായി ഇവരുടെ വണ്ടി നിർത്തിയിരുന്നു. ഈ സമയം കവർച്ചക്കാർ വണ്ടിക്ക് അള്ളുവെയ്ക്കുകയായിരുന്നു. ഭക്ഷണം കഴിച്ച് ഉടൻ അവിടെ നിന്നും യാത്ര തിരിക്കുകയായിരുന്നു ഉദ്ദേശം. എന്നാൽ ഡ്രൈവറിന് ക്ഷീണം തോന്നിയതിനാൽ അന്ന് അവിടെ തങ്ങി പിറ്റേന്ന് യാത്ര തിരിക്കുകയായിരുന്നു.
10 കിലോമീറ്റർ സഞ്ചരിച്ച ശേഷം വാഹനം വലിയ ശബ്ദത്തിൽ ഒരു വശത്തേക്ക് ചെരിയാൻ തുടങ്ങി. പെട്ടെന്ന് കാർ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ടയർ മാറ്റാൻ എത്തിയയാളാണ് അള്ളുവെച്ചത് കണ്ടെത്തിയത്. രാത്രി തന്നെ ഇവർ പുറപ്പെടുമെന്ന് കരുതിയാകാം കവർച്ച സംഘം കാറിൽ അള്ള് വെച്ചതെന്നാണ് പൊലീസിന്റെ സംശയം. തുടർന്ന് ഇവരെ പിന്തുടർന്ന് അപകടം സംഭവിച്ച് കഴിഞ്ഞാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സ്വർണവും പണവും കവരുകയായിരുന്നു മോഷ്ടാക്കളുടെ പദ്ധതി. ശേഷം നാട്ടുകാർ എത്തുന്നതിന് മുമ്പ് തന്നെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന ആരോപണമുണ്ട്. രാത്രിയിൽ കഴിയുന്നതും തമിഴ്നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |