ചെന്നൈ : പൗരത്വ നിയമ ഭേദഗതിക്കു പിന്നാലെ ദേശീയ പൗരത്വ രജിസ്റ്ററിൻമേലുള്ള നടപടികൾ ആരംഭിക്കുമ്പോൾ ബാങ്കിൽ നിക്ഷേപിച്ച പണം മരവിപ്പിക്കുമെന്ന ആശങ്കയിൽ നൂറ്കണക്കിന് മുസ്ലീങ്ങൾ ബാങ്കിൽ കൂട്ടമായെത്തി പണം പിൻവലിക്കുന്നു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലാണ് സംഭവം. ഇവിടെ തിരുവിഴാന്തൂർ ഗ്രാമത്തിൽ നിന്നുമാണ് ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പണം നഷ്ടപ്പെടുമെന്ന തരത്തിൽ കിംവദന്തി പ്രചരിച്ചതോടെ ഇവിടെ മുസ്ലീം ജനത ആശങ്കയിലാണ്. കൂട്ടമായി ബാങ്കിൽ ഇവർ എത്തിയതോടെയാണ് ബാങ്ക് ഉദ്യോഗസ്ഥർ കാര്യം അന്വേഷിച്ചത്. തുടർന്ന് ഗ്രാമവാസികളെ ബോധവത്കരിക്കുന്നതിനുള്ള ശ്രമം ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയതോടെയാണ് ഇത്തരത്തിലൊരു ഭയം ഗ്രാമവാസികളെ പിടികൂടിയത്. വർഷങ്ങൾ കൊണ്ട് സമ്പാദിച്ച തുക ഈ കാരണത്താൽ നഷ്ടമാവും എന്ന് കരുതിയാണ് ജനം ഒന്നാകെ ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത്. കെ.വൈ.സി ഡോക്യുമെന്റുകൾ ബാങ്കുകളിൽ ഹാജരാക്കണമെന്ന തരത്തിൽ കഴിഞ്ഞമാസം തമിഴ് പത്രങ്ങൾ ബാങ്കുകളുടെ പരസ്യം വന്നിരുന്നു. നാഗപട്ടണത്തിന് സമാനമായ സംഭവം അന്ന് തൂത്തുക്കുടി ജില്ലയിലും സംഭവിച്ചിരുന്നു. മൂന്ന് ദിവസങ്ങൾ കൊണ്ട് നാല് കോടിയോളം രൂപയാണ് ഈ ജില്ലയിൽ ബാങ്കികളിൽ നിന്നും പിൻവലിക്കപ്പെട്ടത്. ചിലർ മിനിമം ബാലൻസ് പോലും സൂക്ഷിക്കാതെ അക്കൗണ്ട് ക്‌ളോസ് ചെയ്താണ് മടങ്ങിയത്.
പൗരത്വ നിയമ ഭേദഗതി ബിൽ ഇരു സഭകളിലും പാസായി രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായി മാറിയിരുന്നു. നിയമം നിലവിൽ വന്നിട്ടും രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. രാജ്യത്ത് നിലവിൽ പൗരൻമാരായ ഒരാൾക്കു പോലും ഇന്ത്യ വിടേണ്ട അവസ്ഥയുണ്ടാവില്ലെന്ന് പ്രധാനമന്ത്രിയുൾപ്പടെ ആവർത്തിക്കുമ്പോഴും ജനത്തെ ഭീതിയിലാഴ്ത്തിയുള്ള പ്രചരണങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |