ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ നടക്കുന്ന സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ പലരേയും ആശുപത്രിയിലെത്തിച്ചത് ബൈക്കുകളിലും കാറുകളിലുമെന്ന് വിവരം. അക്രമം അഴിച്ചുവിടുന്നവർ ആംബുലൻസുകൾ തടയുന്നത് കാരണമാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുന്നതിന് തടസമാകുന്നതെന്ന് പൊലീസ് പറയുന്നു. അക്രമങ്ങളിൽ വെടിയേറ്റവരെ പോലും ആശുപത്രികളിലെത്തിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയാണെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ 11ന് വെടിയേറ്റ 14 വയസുകാരനെ വൈകിട്ട് നാല് മണി ആയിട്ടുപോലും ആശുപത്രിയിലേക്കെത്തിക്കാൻ സാധിച്ചിരുന്നില്ല . ഒടുക്കം മാദ്ധ്യമ പ്രവർത്തകർ നടത്തിയ ഇടപെടലിനെ തുടർന്ന് പൊലീസ് വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചത്.അക്രമസംഭവങ്ങളിൽ ഇതുവരെ 11 പേർ മരണപ്പെട്ടതായാണ് വിവരം. 180 പരിക്കുമേറ്റിട്ടുണ്ട്.
പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരുംഎതിർക്കുന്നവരും തമ്മിൽ കല്ലേറുണ്ടായ സ്ഥലത്തുവച്ച് വലതുകൈക്ക് പരിക്കേറ്റ പൊലീസ് കോൺസ്റ്റബിൾ ആയ അമിത് കുമാറിനെ ബൈക്കിൽ ആശുപത്രിയിലേക്ക് എത്തിക്കേണ്ടി വന്നു. ഖുറേജി ഖാസ് പ്രദേശത്ത് വച്ച് പരിക്കേറ്റ കൈഫ്നെ വാനിൽ കയറ്റിയാണ് പൊലീസുകാർ ആശുപത്രിയിലേക്ക് എത്തിച്ചത്.
ഓട്ടോ റിക്ഷാ ഡ്രൈവറായ കൈഫ് തന്റെ ഓട്ടോ നിർത്തിയിടാനായി ശ്രമിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. മുപ്പതോളം പേർ ചേർന്നാണ് ഇദ്ദേഹത്തിനെതിരെ കല്ലെറിഞ്ഞത്. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ കല്ലേറാണ് വടക്കു കിഴക്കൻ ഡൽഹിയിലെ ജാഫറാബാദിലും മൗജ്പൂരിലും സംഘർഷത്തില്‍ കലാശിച്ചത്. ഇവർ തമ്മിൽ പലയിടത്തും കല്ലേറുണ്ടാവുകയും വീടുകളും കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |