ന്യൂഡൽഹി: നാനപുരയിലെ സർവോദയ സീനിയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ ഹാപ്പിനെസ് ക്ളാസിലെത്തിയ അതിഥിയെ കുട്ടികൾ ജീവിതത്തിലൊരിക്കലും മറക്കില്ല- മെലാനിയ ട്രംപ്! അമേരിക്കൻ പ്രഥമ വനിതയെ കുട്ടികൾ ക്ളാസിലേക്കു വരവേറ്റത് ഇരു രാജ്യങ്ങളുടെയും കൊടികൾ വീശിയായിരുന്നു. സ്വാഗതമോതി, കുട്ടികളിലൊരാൾ ബൊക്കെ സമ്മാനിച്ചപ്പോൾ മറ്രൊരാൾ ആരതിയുഴിഞ്ഞ് തിലകം ചാർത്തി. കുട്ടികളിലെ മാനസിക സംഘർഷം കുറയ്‌ക്കാനുള്ള ഹാപ്പിനെസ് ക്ളാസിൽ ഒരു മണിക്കൂറോളം ചെലവിട്ടാണ് മെലാനിയ മടങ്ങിയത്.
വിശിഷ്ടാതിഥിയുടെ വരവു പ്രമാണിച്ച് സ്കൂൾ അങ്കണമാകെ പൂക്കളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. പരമ്പരാഗത വടക്കേ ഇന്ത്യൻ വേഷം ധരിച്ച് നമസ്‌തേ പറഞ്ഞ് കുട്ടികൾ മെലാനിയയെ സ്‌കൂളിലേക്ക് ആനയിച്ചു. 'ഇത് എന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണ്. ഇവിടെ എല്ലാവരും എന്നെ സ്വാഗതം ചെയ്യുന്നു. മനോഹരമായ സ്കൂളാണ് ഇത്. അമേരിക്കയിൽ നിങ്ങളെപ്പോലുള്ള കുട്ടികളുമായി ചേർന്ന് സമാന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബീ ബെസ്റ്റ് എന്ന സംരംഭം അത്തരത്തിലുള്ളതാണ്.' മെലാനിയ പറഞ്ഞു.
പരമ്പരാഗത നൃത്തവും മെലാനിയയ്ക്കു വേണ്ടി കുട്ടികൾ ഒരുക്കിയിരുന്നു. 'കഥ പറഞ്ഞും പ്രകൃതിയോടു സംവദിച്ചുമാണ് ഇവിടെ കുട്ടികളുടെ ദിവസം ആരംഭിക്കുന്നത് എന്നത് പ്രചോദനമേകുന്നതാണ്. ദിവസം തുടങ്ങാൻ ഇതിലും നല്ല മാർഗം എനിക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല.' ഹാപ്പിനെസ് ക്ലാസ് കണ്ടതിനു ശേഷം മെലാനിയ പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച യോഗ പരിപാടിയും മെലാനിയ വീക്ഷിച്ചു. മടങ്ങിപ്പോകാൻ നേരം മധുബനി ചിത്രങ്ങൾ സമ്മാനിച്ച് വിദ്യാർത്ഥികൾ മെലാനിയ്‌ക്ക് കൈകൾ വീശി യാത്ര പറഞ്ഞു. അധ്യാപകരുമായും മെലാനിയ സംസാരിച്ചു.
മെലാനിയയുടെ സ്കൂൾ സന്ദർശന വേളയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മനീഷ് സിസോദിയയും പങ്കെടുക്കുമെന്ന് നേരത്തേ കരുതപ്പെട്ടിരുന്നെങ്കിലും ഇരുവർക്കും ക്ഷണം ലഭിച്ചില്ല. രാഷ്ട്രീയ പരിപാടി അല്ലാത്തതു കൊണ്ടാണ് ഇവരെ ഒഴിവാക്കിയതെന്ന് യു.എസ് വൃത്തങ്ങൾ അറിയിച്ചു. ഹാപ്പിനെസ് ക്ലാസിൽ മെലാനിയ നൽകുന്ന സന്ദേശം കുട്ടികൾ ഏറ്റെടുക്കുമെന്നു കരുതുന്നതായി കേജ്‌രിവാൾ പിന്നീട് ട്വിറ്ററിൽ കുറിച്ചു. 2018-ലാണ് ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്‌ക്കാനും പഠനം സന്തോഷകരമാക്കാനും ഹാപ്പിനെസ് ക്ളാസുകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |