ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി ഡൽഹി ഹൈക്കോടതി അർദ്ധരാത്രി വാദം കേട്ടു. കലാപത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു ഹർജി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്‍റെ വീട്ടിൽ വച്ചാണ് കോടതി വാദം കേട്ടത്. പരിക്കേറ്റവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് നിർദേശം നൽകി.
അതേസമയം, ഡൽഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. പൊലീസുകാരുൾപ്പെടെ ഇരുന്നൂറോളം പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. എഴുപതോളം പേർക്ക് വെടിയേറ്റു. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. ഇരുപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കലാപത്തെത്തുടർന്ന് അടച്ചിട്ടിരുന്ന മെട്രോ സ്റ്റേഷനുകൾ തുറന്നു. സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീടിന് മുന്നിലും പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വടക്കുകിഴക്കന്‍ ഡൽഹിയിൽ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള സന്ദർശനം റദ്ദാക്കി. അദ്ദേഹം ഡൽഹിയിൽത്തന്നെ തുടരും. അന്തരിച്ച മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് പി.പരമേശ്വരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാൻ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കലാപത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് കേന്ദ്ര മന്ത്രിസഭയോഗം ചേരും. ബി.ജെ.പി നേതാവ് കപിൽ മിശ്രയിൽ നിന്നുള്ള പ്രകോപനപരമായ പ്രസംഗങ്ങളും പ്രവൃത്തികളുമാണ് കലാപത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |