ദക്ഷിണേന്ത്യയിലെ മംഗോ സിറ്റി എന്നാണ് മുതലമട അറിയപ്പെടുന്നത്. 3500 ഹെക്ടർ സ്ഥലത്താണ് മാന്തോട്ടങ്ങൾ. 50000 ൽ ഏറെ കർഷകരും അനുബന്ധ തൊഴിലാളികളും. 39 ഇനം മാവുകൾ. ശരാശരി ഒരു ലക്ഷം ടൺ മാങ്ങ വടക്കൻ സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും കയറ്റി അയക്കുന്നു എന്നാണ് കണക്ക്. ഇന്ത്യയിൽ ഒരു മാങ്ങാ സീസണ് തുടക്കമിടുന്നത് മുതലമടയിൽ ആണ്. മുതലമടയിൽ കർഷകർ പ്രാധാന്യം നൽകുന്നതും മാന്തോട്ടങ്ങൾക്കു തന്നെ. തമിഴ്നാടിന്റെ അതിർത്തി ഗ്രാമമായ ഇവിടെ മാവുകളിൽ നടത്തുന്ന കീട നാശിനി പ്രയോഗം അൽപം കനത്ത തോതിലാണ്. അനുവദനീയമായതിലും ഏറിയ തരത്തിൽ. പരിസ്ഥിതിയിലുണ്ടായ വ്യതിയാനം, തോരാത്ത മഴ എന്നിവയൊക്കെ കാരണം കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ വിളവും കുറവാണ്. ഒപ്പം പുതിയ രോഗങ്ങൾ കൂടി മാവുകളെ ബാധിച്ചതോടെ കൈയിൽ കിട്ടിയ കീടനാശിനികളെല്ലാം കർഷകർ മാവുകളിൽ തളിച്ച്. ഫലമോ ഇത്തവണയും വില നന്നേ കുറഞ്ഞ അവസ്ഥ. കേരളത്തിൽ അനുവദനീയമായ കീടനാശിനികൾ പ്രയോഗിച്ചതിനു പുറമെ തമിഴ് നാട്ടിൽ നിന്നും യഥേഷ്ട്ടം കിട്ടുന്ന കീടനാശിനികളും മുതലമടയിൽ നാശം വിതച്ചു. ഇത് മുതലമടയിലും പരിസര പ്രദേശങ്ങളും വരുത്തിയ പാരിസ്ഥിതിക ആഘാതം ചെറുതല്ല. കീടനാശിനികളുടെ രൂക്ഷ ഗന്ധമാണ് തോട്ടങ്ങളിലെല്ലാം. കീടനാശിനി പ്രയോഗം അതിരു വിട്ടപ്പോൾ സമീപ വനങ്ങളിലെ മാനുകളും മയിലുകളും ഉടുമ്പുകളുമൊക്കെ ചത്തൊടുങ്ങുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
ഒരു ദാക്ഷിണ്യവുമില്ലാതെ നിരോധിക്കപ്പെട്ട കീടനാശിനികൾ പ്രയോഗിച്ചത് തന്നെയാണ് ഇത്തവണ വിളവ് കുറയുവാൻ കാരണമെന്നു കൃഷി മന്ത്രി വി എസ് സുനിൽകുമാറും പ്രതികരിച്ചു. തമിഴ്നാട്ടിൽ സുലഭമായ കീടനാശിനികൾ മുഴുവൻ പ്രയോഗിച്ചതിലൂടെ കഴിഞ്ഞ രണ്ടു വർഷമായി വിളവ് കുറവാണ്. കർഷകരെ ബോധവത്ക്കരിക്കാൻ ശ്രമം നടത്തുന്നുണ്ട്. പക്ഷെ അവർ കൂടി വിചാരിച്ചാൽ മാത്രമേ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാക്കാനാകുകയുള്ളൂ എന്ന് മന്ത്രി പ്രതികരിച്ചു. കീടനാശിനി പ്രയോഗത്തിലൂടെ മിത്ര കീടങ്ങൾ വരെ മുതലമടയിലെ മാന്തോട്ടങ്ങളിൽ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു. ഓർഗാനിക് കൃഷിരീതിയും വളപ്രയോഗവും മുതലമടയിൽ പ്രാവർത്തികമാക്കാൻ കോടികൾ ചിലവിട്ടുള്ള പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചതായും മന്ത്രി വ്യക്തമാക്കി.
നവംബർ മാസത്തിൽ പൂത്തു തുടങ്ങുന്നതാണ് മുതലമടയിലെ മാന്തോട്ടങ്ങൾ. പക്ഷെ കരിഞ്ഞു നിൽക്കുന്ന
മാവിൻ പൂക്കുലകൾ ഏതു കർഷകന്റെയും നെഞ്ച് തകർക്കുന്ന കാഴ്ചയാണ്.ഒരു കീടനാശിനിക്കും തുരത്താനാകാത്ത ഇല പേൻ ആണ് ഇവിടത്തെ വില്ലൻ. അതിസൂക്ഷമമായ ഈ ഇല പേനുകൾ പതിനായിരക്കണക്കിന് എണ്ണമാണ് ഓരോ പൂങ്കുലയിലും വന്നിരുന്നു നീര് ഊറ്റി കുടിക്കുന്നത്. ഇതോടെ ഇത്തവണ വിളവ് നാലിൽ ഒന്നായി ഓരോ തോട്ടത്തിലും കുറഞ്ഞ അവസ്ഥ. ഈ പേനിനെ തുരത്താൻ രാജ്യത്തു ഒരിടത്തും മരുന്ന് ലഭ്യമല്ലത്രെ. നിലവിലെ കീടനാശിനികൾ പ്രയോഗിച്ചാൽ ഒരു തോട്ടത്തിൽ നിന്നും കൂട്ടത്തോടെ പറന്നു മാറുന്ന പേനുകൾ അൽപ സമയം കഴിയുമ്പോൾ തിരികെ എത്തും. ഇതോടെ മാമ്പൂ കുലകൾ കായ്കളായി മാറാതെ കരിഞ്ഞുണങ്ങി നിൽക്കുന്ന അവസ്ഥയാണ് എങ്ങും.
ഇതൊന്നും ശ്രദ്ധിക്കാൻ സർക്കാരിന് സമയമില്ലെന്നാണ് മാങ്ങാ കർഷകർ പറയുന്നത്. നെല്ലിനോ കുരുമുളകിനോ നൽകുന്ന പരിഗണന മാന്തോട്ടങ്ങൾക്കു സർക്കാർ നൽകുന്നില്ല. വിളനാശത്തിനു മറ്റിനങ്ങൾക്കു നൽകുന്ന നഷ്ടപരിഹരായമോ ധനസഹായമോ ഇവർക്കില്ല. അർഹിക്കുന്ന പരിഗണന കിട്ടിയിരുന്നെങ്കിൽ പേൻ ശല്യത്തിന് അടക്കം അധികൃതരുടെ അടിയന്തിര ശ്രദ്ധ കിട്ടിയേനേ എന്നും കർഷകർ പറയുന്നു. ഈ അവസ്ഥ തുടർന്നാൽ അധികം വൈകാതെ തന്നെ മുതലമടയിലെ മാവു കർഷകർ മാന്തോട്ടങ്ങൾ വിട്ടു മറ്റു ജോലികളിലേക്ക് ചേക്കേറേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |