ലക്നൗ : രാജ്യത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വൻപ്രതിഷേധങ്ങൾ തുടരുന്നതിനിടെ ഉത്തർപ്രദേശിൽ യോഗി ആദിത്യ സർക്കാർ സ്വീകരിച്ച രീതി ചർച്ചയാകുന്നു. അക്രമികൾ എന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ പേരുടെ ചിത്രങ്ങളും മേൽവിലാസവും പരസ്യപ്പെടുത്തി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് സർക്കാർ. ലക്നൗ, ഹസ്രത് ഗഞ്ച്, താക്കൂർഗഞ്ച്, കൈസർബാഗ് എന്നീ സ്ഥലങ്ങളിലാണ് സർക്കാർ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒരു ബോർഡിൽ ഏകദേശം അറുപതോളം പേരുടെ ഫോട്ടോയും മറ്റുവിവരങ്ങളുമുണ്ട്. 'ഇവർ പൊതുമുതൽ നശിപ്പിച്ചവർ' എന്നൊരു തലക്കെട്ടോടെയാണ് ചിത്രങ്ങൾ ബോർഡിൽ വെച്ചിരിക്കുന്നത്. ഇവർ നഷ്ടപരിഹാരം അടച്ചില്ലെങ്കിൽ ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും എന്നും ബോർഡിൽ പറയുന്നു.
വിഡിയോ ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഈ ഫ്ലെക്സ് ബോർഡുകളിൽ കോൺഗ്രസ് നേതാവ് സദഫ് ജാഫർ, വക്കീൽ മുഹമ്മദ് ഷോയിബ്, തിയേറ്റർ ആർട്ടിസ്റ്റ് ദീപക് കബീർ, റിട്ടയേഡ് ഐപിഎസ് ഓഫീസർ എസ് ആർ ദാരാപുരി തുടങ്ങിയവരുമുണ്ട്. സമരത്തിനിടെ പൊലീസ് പിടികൂടിയ ഇവരെ പിന്നീട് കോടതി ജാമ്യത്തിൽ വിടുകയായിരുന്നു. ഇവരിൽ പലരും സംസ്ഥാന ഗവൺമെന്റിനെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |