കേരളത്തിൽ ചൂട് കൂടിയ കാലാവസ്ഥയായതിനാൽ കൊറോണ വൈറസ് വ്യാപിക്കില്ലെന്ന് സെൻകുമാറും, മുരളീധരൻ എം.പിയും പരാമർശിച്ചിരുന്നു. മുപ്പത് ഡിഗ്രി സെൽഷ്യസ് ചൂടിൽ കൊറോണ വൈറസ് നശിച്ചുപോകുമത്രെ. ഇതിനെതിരെയാണ് ഡോക്ടർ നെൽസൺ ജോസഫ് ഫെയ്സ് ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.
ലോകത്തിൽ നൂറിലധികം രാജ്യങ്ങളിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ചൂട് കൂടിയ രാജ്യങ്ങളും ഉൾപ്പെടും. ഇന്ത്യയിൽ വൈറസ് പകരുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ മുപ്പത് ഡിഗ്രി വാദമൊക്കെ വെറുതെയാണെന്ന് ഡോ.നെൽസൺ ജോസഫ് പറയുന്നു. ആദ്യത്തെ കേസിൽ വൈറസ് പടരാതിരുന്നത് ജനങ്ങളുടെ പിന്തുണ ആരോഗ്യവകുപ്പിന് ലഭിച്ചത് കൊണ്ടാണെന്നും അല്ലാതെ ചൂട് വൈറസിനെ വിരട്ടിയോടിച്ചതല്ലെന്നും അദ്ദേഹം തന്റെ ഫെയ്സ് ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
അറിയാത്ത കാര്യങ്ങളെ കുറിച്ച് അനാവശ്യപ്രചരണം നടത്തരുതെന്നും ഇത്തരത്തിലുള്ള കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിൽ നിന്ന് രാഷ്ട്രീയക്കാർ വിട്ടുനിൽക്കണമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. അനാവശ്യ സന്ദേശങ്ങളും പരാമർശങ്ങളും നടത്തി ജനങ്ങളെ പ്രതിരോധപ്രവർത്തനത്തിൽ നിന്ന് പിന്തിരിപ്പിക്കരുതെന്നും അറിയാത്ത കാര്യങ്ങളെക്കുറിച്ച് പഠിച്ചിട്ട് പറയുകയോ അല്ലെങ്കിൽ മിണ്ടാതിരക്കുകയോ ചെയ്യണമെന്ന താക്കീതും നൽകി.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
വിവരക്കേട് പറയരുത്.
മനസിലാക്കിയിടത്തോളം എന്നാണു പറയുന്നത്. മനസിലാക്കിയത് തെറ്റാണ്.
ലോകത്ത് നൂറിലധികം രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ ചൂട് കൂടിയ രാജ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലും ലോക്കൽ ട്രാൻസ്മിഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പൊ ഈ മുപ്പത് ഡിഗ്രി വാദമൊക്കെ എടുത്ത് തോട്ടിലിടേണ്ടതാണ്
ശാസ്ത്രീയമായിട്ട് തെളിയിക്കാത്ത കാര്യങ്ങൾ എല്ലാം വ്യാജ സന്ദേശമായിട്ടേ കണക്കാക്കാനാവൂ. അറിവില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിൽ നിന്ന് രാഷ്ട്രീയക്കാർ വിട്ടുനിൽക്കണം.
പിന്നെ എം.പി അറിയേണ്ട ഒരു കാര്യമുണ്ട്.
ആദ്യത്തെ കൊറോണ പടരാതിരുന്നത് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ഒരു വലിയ വിഭാഗം ജനങ്ങൾ പൂർണ്ണമായി അനുസരിച്ചതുകൊണ്ടുകൂടിയാണ്.
അതിൽ കോൺഗ്രസുകാരടക്കം എല്ലാ രാഷ്ട്രീയവുമുള്ളവരുണ്ടാവും. അവർക്കിട്ട് കൊഞ്ഞനം കുത്തരുത്
അറിയില്ലെങ്കിൽ ഒന്നുകിൽ പഠിക്കണം. അല്ലെങ്കിൽ മിണ്ടാതിരിക്കണം. അത് മുരളീധരൻ എം.പി ആയാലും സെൻ കുമാറായാലും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |