തിരുവനന്തപുരം: ശരണം വിളിച്ചുകൊണ്ട് സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സത്യാഗ്രഹപ്പന്തലിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തിയുടെ മരണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
ഇന്നലെ പുലർച്ചെ 1.40 ഓടെയാണ് മുട്ടട അഞ്ചുമുക്ക് വയൽ സ്വദേശി ആനൂർ വീട്ടിൽ വേണുഗോപാലൻ നായർ (46) ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ബി.ജെ.പിയുടെ സമരപ്പന്തലിലേക്ക് ഓടിക്കയറാൻ ശ്രമിച്ചത്.
പ്രവർത്തകർ ഇയാളെ കസേരകൊണ്ട് തട്ടി വീഴ്ത്തി. ഇല്ലെങ്കിൽ പന്തൽ ആകമാനം കത്തിപ്പോകുമായിരുന്നു. പൊലീസ് എത്തിയാണ് പൊള്ളലേറ്റ് മൃതപ്രായനായി റോഡിൽ വീണ വേണുഗോപാലൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 90 ശതമാനം പൊള്ളലേറ്റ ഇയാൾ ഇന്നലെ വൈകിട്ട് 3.50ന് മരണമടഞ്ഞു.
സമരപ്പന്തലിന്റെ എതിർവശത്തെ കാപിറ്റോൾ ടവറിന്റെ മുന്നിൽ നിന്ന് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം ശരണം വിളിച്ചുകൊണ്ട് സി.കെ. പത്മനാഭൻ സത്യാഗ്രഹം കിടക്കുന്ന പന്തലിലേക്ക് റോഡ് മുറിച്ച് ഓടിയടുക്കുകയായിരുന്നു.
കോവിലിൽ ദർശനം നടത്തിയിട്ട് വരാമെന്ന് പറഞ്ഞാണ് ഇയാൾ മുട്ടടയിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇയാൾ ഈ സമയത്ത് പതിവായി പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലും നിർമ്മാല്യ ദർശനത്തിന് പോകാറുണ്ടായിരുന്നു. ചില ദിവസങ്ങളിൽ അമ്പലങ്ങളിൽ തന്നെ കിടന്നുറങ്ങുന്ന പതിവും ഉണ്ടായിരുന്നു. അതിനാലാണ് തിരികെ വരാത്തതിനാൽ വീട്ടുകാർ അന്വേഷിക്കാതിരുന്നത്. മുട്ടടയിലെ വീട്ടിൽ സഹോദരനും അമ്മയ്ക്കും ഒപ്പമാണ് താമസം. രണ്ട് വിവാഹം കഴിച്ചെങ്കിലും ആ ബന്ധങ്ങൾ 12 വർഷമായി നിലവിലില്ല. മക്കളുമില്ല. ആട്ടോറിക്ഷാ ഡ്രൈവറായും പ്ളംബിംഗ് തൊഴിലാളിയായും ജോലി ചെയ്തിരുന്നു. ശബരിമലയിൽ അപ്പം, അരവണ പ്ളാന്റിൽ കരാർ അടിസ്ഥാനത്തിൽ ജോലിയും ചെയ്തിട്ടുണ്ട്. ശബരിമലയിൽ പതിവായി പോകുമായിരുന്നു. എന്നാൽ ഇത്തവണ പോയില്ല. പരേതനായ ശിവൻ പിള്ളയാണ് പിതാവ്. അമ്മ : രാധ. സഹോദരങ്ങൾ : മണികണ്ഠൻ, മീന. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന സുപ്രീംകോടതി വിധി വന്നതിനു ശേഷം വളരെ അസ്വസ്ഥനായിരുന്നു വേണുഗോപാലൻനായർ. ബി.ജെ.പി അനുഭാവി അല്ലാതിരുന്നിട്ടുകൂടി നാമജപ പ്രതിഷേധത്തിലൊക്കെ പങ്കെടുത്തിരുന്നു. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചാൽ തന്റെ ജീവൻ വരെ ബലി നൽകുമെന്ന് ഇയാൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ബി.ജെ.പി സമരപ്പന്തലിൽ ഇയാൾ പലപ്പോഴും വന്നിരുന്നു. ഇന്നലെ വെളുപ്പിന് ഒരു തീഗോളം പോലെ പന്തലിലേക്ക് ഓടി വന്ന ഇയാളെ കസേര കൊണ്ട് തടഞ്ഞു വീഴ്ത്തിയ ബി.ജെ.പി പ്രവർത്തകർ വെള്ളം കോരിയൊഴിച്ച് തീ കെടുത്തി. ആശുപത്രിയിൽ എത്തിച്ചപ്പോഴും ശരണം അയ്യപ്പ എന്ന് വിളിക്കുന്നുണ്ടായിരുന്നു.
തിരുവനന്തപുരം : തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും ജീവിക്കാൻ താത്പര്യമില്ലെന്നും വേണുഗോപാലൻ നായർ മരണമൊഴി നൽകി. ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ മജിസ്ട്രേട്ടാണ് മരണമൊഴി രേഖപ്പെടുത്തിയത്. ശബരിമല വിഷയം മരണമൊഴിയിൽ പറഞ്ഞിട്ടില്ല. മൊഴി കൊടുത്ത് അധികം വൈകാതെ വേണുഗോപാലൻ നായർ മരിക്കുകയും ചെയ്തു.
ബി.ജെ.പി പ്രവർത്തകനല്ല:
എം.ടി. രമേശ്
വേണുഗോപാലൻ നായർ ബി.ജെ.പി പ്രവർത്തകനല്ലെന്നും സംഘടനയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും ബി.ജെ.പി നേതാവ് എം.ടി. രമേശ് പറഞ്ഞു. അയ്യപ്പ ഭക്തനായ ഇയാൾ സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനോടുള്ള പ്രതിഷേധത്തിലാണ് ജീവൻ വെടിഞ്ഞത്. ശബരിമല ഭക്തരുടെ വികാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ ബി.ജെ.പി പ്രഖ്യാപിച്ചത്. ശബരിമല തീർത്ഥാടകർ, അഖിലേന്ത്യാ പരീക്ഷകൾ, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എരുമേലി താലൂക്കിനെയും ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |