ഉടമകൾ ഒളിവിൽ
ആലപ്പുഴ: പുളിങ്കുന്നിലെ അനധികൃത പടക്കനിർമ്മാണ ശാലയിൽ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലാളികളിൽ രണ്ട് പേർ കൂടി ഇന്നലെ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ ആറ് സ്ത്രീകൾ ഉൾപ്പെടെ ഏഴു പേർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പുളിങ്കുന്ന് മുപ്പതിൽ ചാക്കോചാണ്ടിയുടെ മകൻ ജോസഫ് ചാക്കോ (റെജി-50), പുളിങ്കുന്ന് മലയിൽ പുത്തൻ വീട്ടിൽ ലൈജുവിന്റെ ഭാര്യ ബിനു(30) എന്നിവരാണ് ഇന്നലെ മരിച്ചത്. പുളിങ്കുന്ന് കിഴക്കേച്ചിറയിൽ കുഞ്ഞുമോളാണ് (55) വെള്ളിയാഴ്ച രാത്രി മരിച്ചത്.
പുളിങ്കുന്ന് ഗവ. എൽ.പി സ്കൂളിന് എതിർവശം, ബന്ധുക്കളായ ബിനോയ്(ബിനോച്ചൻ), കൊച്ചുമോൻ ആന്റണി(തങ്കച്ചൻ) എന്നിവരുടെ ഉടമസ്ഥതയിലുള്ള പടക്കനിർമ്മാണ ശാലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് വൻ സ്ഫോടനമുണ്ടായത്. ഉടമകൾ ഇരുവരും സംഭവത്തിനുശേഷം ഒളിവിലാണ്. ഇന്നലെ പുളിങ്കുന്ന് സി.ഐ നിസാമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബിനോയിയുടെ വീടിന്റെ കിടപ്പുമുറിയിലും അടുക്കളയിലെ നിലവറയിലും സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന പൊട്ടാസ്യം ക്ളോറൈഡും നിരോധിത സ്ഫോടക വസ്തുക്കളും ഓലപ്പടക്കവും ഉൾപ്പെടെ കണ്ടെടുത്തു. ആലപ്പുഴ ഡിവൈ. എസ്.പിയും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും എത്തി തെളിവെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യ, നിരോധിത സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത് എന്നീ കുറ്റങ്ങൾ ചുമത്തി പുളിങ്കുന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വിദേശത്ത് ജോലിയിലായിരുന്ന റെജി നാട്ടിലെത്തിയ ശേഷം പടക്ക നിർമ്മാണ ജോലിയിൽ ഏർപ്പെടുകയായിരുന്നു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്തംഗം മറിയാമ്മയാണ് ഭാര്യ. ഭർത്താവിന്റെ മരണ വിവരം അറിഞ്ഞ് ബോധരഹിതയായി വീണ മറിയാമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് മറിയാമ്മയെ വീട്ടിൽ എത്തിച്ചത്. മക്കൾ: മെറിൻ, ഉണ്ണി(ഇരുവരും വിദ്യാർത്ഥികൾ). റെജിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് പുളിങ്കുന്ന് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ബിനുവിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മകൻ :അഭിഷേക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |