കോട്ടയം: പള്ളിക്കത്തോട്ടിലെ ആലയിൽ തോക്കുനിർമ്മാണം, ഒരാൾകൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പിടിച്ചെടുത്തത് എട്ട് റിവോൾവറുകളും രണ്ട് നാടൻ തോക്കുകളും. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി പുരയിടത്തിൽ റെജി തോമസാണ് (50) അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് പള്ളിക്കത്തോട് സി.ഐ, ടി.ആർ ജിജുവാണ് വീട്ടിൽ നിന്നും ഇയാളെ പിടികൂടിയത്. എന്നാൽ തോക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ വാങ്ങിയ റിവോൾവർ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി പൊലീസിനോട് പറഞ്ഞു. ഈ റിവോൾവർ വാങ്ങിയ ആൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
കോട്ടയത്തെ മദ്യവില്പനശാലയിലെ ജീവനക്കാരനാണ് ഇയാൾ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് തോക്കുകൾ ഏറെയും എത്തിയിട്ടുള്ളത്. കൂടാതെ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും തോക്കുകൾ എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. പള്ളിക്കത്തോട് കൊമ്പിലാക്കൽ ദിവാകരന്റെ മകൻ ബിനേഷ് കുമാർ 40) സഹോദരൻ രാജൻ (46) എന്നിവർ ചേർന്നാണ് ആലയിൽ തോക്കുകൾ നിർമ്മിച്ചുവന്നിരുന്നത്. 15 വർഷങ്ങളായി ഇവർ തോക്കു നിർമ്മാണം നടത്തിവരികയായിരുന്നു.
വൻതോതിൽ തോക്കുകൾ നിർമ്മിച്ചുവെന്ന് അറിവായതോടെ കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാന ഇന്റലിജൻസ് വിഭാഗവും അന്വേഷിച്ചുവരികയാണ്. തീവ്രവാദികളുടെ കൈകളിൽ ഇവിടെ നിർമ്മിച്ച തോക്കുകൾ എത്തിയിട്ടുണ്ടാവാം എന്നാണ് പൊലീസിന്റെ സംശയം. തോക്കുനിർമ്മാണത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി യുടെ ഉത്തരവനുസരിച്ച് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സന്തോഷ് കുമാർ, സി.ഐ മാരായ ടി.ആർ ജിജു, ജോസ് മാത്യു, സുരേഷ് കുമാർ, ജയപ്രകാശ് എന്നിവർ അടങ്ങുന്നതാണ് പ്രത്യേക സംഘം. ബിനേഷിനെയും രാജനെയും കൂടാതെ തോക്ക് വാങ്ങിയവരും ഏജന്റുമാരുമാണ് പൊലീസിന്റെ പിടിയിലായത്. ഇനിയും കൂടുതൽ ആളുകളെ കണ്ടെത്തേണ്ടതുണ്ടെന്ന് ഡിവൈ.എസ്.പി സന്തോഷ് കുമാർ പറഞ്ഞു.
കൈവെള്ളയിൽ ഒരുങ്ങുന്ന റിവോൾവർ വരെ ഇവർ ആലയിൽ നിർമ്മിച്ചിരുന്നു. ഒറിജിനലിനെ വെല്ലുന്നതാണ് ഇത്തരം റിവോൾവറുകൾ. 45,000 മുതൽ 50,000 രൂപാ വരെയാണ് റിവോൾവറിന് വില. നാടൻ തോക്കിന് 15,000 രൂപ. ഇരട്ടക്കുഴൽ നാടൻ തോക്കിന് 20,000 രൂപയും. ഇവർ കോയമ്പത്തൂരിൽ നിന്നാണ് തോക്ക് നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ വാങ്ങിയിരുന്നത്. വെടിയുണ്ടകളും വെടിമരുന്നും തയാറാക്കിയിരുന്നതും ബിനേഷും രാജനും ചേർന്നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |