തിരുവനന്തപുരം: രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, ദിവസ, ആഴ്ച വേതനക്കാർ, കർഷക തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, കയർ, കശുവണ്ടി, കൈത്തറി തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ഓട്ടോ, ടാക്‌സി തൊഴിലാളികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവർക്ക് 1000 രൂപ അടിയന്തരമായി സർക്കാർ നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്ഷേമനിധികളിൽ നിന്നുള്ള പണം ഇതിനായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജ് അടിയന്തരമായി നടപ്പാക്കണം. കടങ്ങൾക്ക് മോറട്ടോറിയം നൽകാൻ തീരുമാനിച്ചെങ്കിലും ജനുവരി 31 വരെ കുടിശ്ശിക ഇല്ലാത്തവർക്ക് മാത്രമായാണ് ഇത് പരിമിതപ്പെടുത്തിയത്. ഈ വ്യവസ്ഥ മാറ്റി ജപ്തിനടപടികൾ ഒരു വർഷത്തേയ്ക്ക് നിർത്തിവയ്ക്കുന്നതിന് ബാങ്കുകളുമായി സർക്കാർ ചർച്ച നടത്തണം. സഹകരണ ബാങ്കുകൾക്കും ഇത് ബാധകമാക്കണം. മരുന്നുകൾ, മാസ്‌കുകൾ, സാനിറ്റൈസർ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം.ആരോഗ്യ വകുപ്പിൽ ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തണം. നെല്ല് സംഭരണത്തിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം.
പൊലീസ് നൽകുന്ന പാസ് കർണാടക സർക്കാർ അംഗീകരിക്കാത്തതിനാൽ കാസർകോടുള്ള കാൻസർ രോഗികൾക്കും ഡയാലിസിസ് ചെയ്യേണ്ടവർക്കും മംഗലാപുരത്ത് ആശുപത്രികളിൽ ചികിത്സ നടത്താൻ കഴിയാത്ത സാഹചര്യമാണ്. ഇത് പരിഹരിക്കണം. നികുതി ഭാരം കുറയ്ക്കുന്നതിനായി ഏപ്രിൽ മുതൽ നടപ്പാക്കുന്ന നികുതി വർദ്ധനവ് മൂന്ന് മാസത്തേക്ക് നീട്ടിവയ്ക്കണം. ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടാൻ തീരുമാനിച്ചത് നല്ലകാര്യമാണെന്നും എന്നാൽ, ഓൺലൈൻ വഴിയുള്ള മദ്യവിൽപന കേരളത്തിൽ പ്രായോഗികമല്ലെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |