കൊറോണയുടെ പശ്ചാത്തലത്തിൽ 'കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് 2020' കൊണ്ടുവരുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. 2005ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്‌ടിൽ ഇക്കാര്യത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്നും, ഇതിനെ മറപിടിച്ച് ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള തന്ത്രമാണ് സംസ്ഥാന സർക്കാരിന്റെതെന്ന് മുരളീധരൻ വിമർശിക്കുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് 2020 കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കണ്ടപ്പോൾ ചിരിയാണ് വന്നത്.
പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനാണത്രേ ഇന്നത്തെ തീരുമാനം.
പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികൾ നിയന്ത്രിക്കുന്നതിന് സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ് നിർദിഷ്ട നിയമമെന്നും വിശദീകരിക്കുന്നുണ്ടായിരുന്നു. നിലവിൽ ഇതിനൊന്നും നിയമമില്ലാത്ത നാടാണിതെന്ന മട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അല്ല മുഖ്യമന്ത്രി, മലയാളികളെ അങ്ങ് എന്തിനാണ് ഇങ്ങനെ പൊട്ടൻ കളിപ്പിക്കുന്നത്?
2005ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ 51 മുതൽ 60 വരെയുള്ള ഭാഗം ഒന്ന് വായിച്ചു നോക്കിയിട്ട്, ഈ ഓർഡിനൻസിന്റെ മറവിൽ ക്രെഡിറ്റടിക്കാനുള്ള അതിമോഹം താങ്കൾക്ക് പുറത്തെടുക്കാമായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അവഗാഹമുള്ള ഉപദേശകർ അങ്ങയോട് ഒരുപക്ഷേ ഈ അവസരം ഇങ്ങനെ പ്രയോജനപ്പെടുത്താൻ പറഞ്ഞു കാണുമായിരിക്കും.
ഐ പി സി 188, 269, 270, 271 ഇത്രയും വകുപ്പുകളൊന്ന് നോക്കിയപ്പോൾ എനിക്ക് മനസിലായത് പകർച്ച വ്യാധി പ്രതിരോധത്തിൽ സഹകരിക്കാത്തവർക്ക്, സ്ഥാപനങ്ങൾക്ക് ഒക്കെ തടവും പിഴയും കിട്ടാൻ അതിൽ വ്യക്തമായി പറയുന്നുണ്ടെന്നാണ്.
എന്തിനും ഏതിനും ഭരണഘടനയെ മുൻനിർത്തി വെല്ലുവിളിക്കുന്നവർ എന്തേ കൊവിഡ് വന്നപ്പോൾ ആ വിശുദ്ധ ഗ്രന്ഥവും ഇന്ത്യൻ ശിക്ഷാ നിയമവും മറന്നുവോ? അതോ ഇപ്പോൾ പുച്ഛമായോ? യുഎപിഎ നിയമ ഭേദഗതിയിലടക്കം ഉറഞ്ഞു തുള്ളിയവരാണ് ഇപ്പോൾ ഓർഡിനൻസ് വന്നിട്ട് എല്ലാം ശരിയാക്കാമെന്ന് പറയുന്നത്! കഷ്ടമാണ് സാർ, ഇപ്പോൾ രാജ്യത്ത് നിലവിലുള്ള നിയമം നടപ്പാക്കാൻ ഇത്രയ്ക്ക് മടി കാട്ടണോ?
കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ലോക് ഡൗൺ ഓർഡറിനൊപ്പം അനുഛേദമായി ചേർത്തിരുന്നതൊന്നും അങ്ങ് കണ്ടില്ലെന്നാണോ? നിസഹകരിക്കുന്നവർക്കെതിരെയുള്ള നടപടിയടക്കം അതിലില്ലേ?
ഞാനിതാരോടാണ് പറയുന്നത്..കേന്ദ്രം പറയുന്ന സമയത്ത് ലോക് ഡൗൺ ചെയ്യാൻ മടി, നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മടി... ഇങ്ങനെയൊക്കെ താൻപോരിമയും മുറുകെ പിടിച്ചിരിക്കുന്ന ഒരു സർക്കാരിൽ നിന്ന് ഓർഡിനൻസല്ല അതിനപ്പുറമുള്ള പബ്ലിസിറ്റി സ്റ്റണ്ട് വരുമെന്നുറപ്പല്ലേ! കൊവിഡ് ദുരന്തകാലത്തെ മറികടക്കാനെങ്കിലും, ഈ ഹുങ്കും സ്വാർത്ഥതയും മാറ്റി വച്ച് കേന്ദ്ര സർക്കാരിനൊപ്പം ഒന്നിച്ചു നിൽക്കണമെന്നേ പ്രിയപ്പെട്ട മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളൂ...'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |