ആലപ്പുഴ: കള്ളുഷാപ്പുകളും ബാറുകളുമടക്കം സംസ്ഥാനത്തെ എല്ലാ മദ്യവില്പനശാലകളും അടച്ചിടാനുള്ള തീരുമാനം സർക്കാരിനെ വലിയ സമ്മർദ്ദത്തിലാക്കും. ബാറുകൾക്കും കൺസ്യൂമർഫെഡ് അടക്കമുള്ള ചില്ലറ വില്പനശാലകൾക്കും മദ്യം വിൽക്കുന്നതിലൂടെ പ്രതിദിനം ശരാശരി 38 മുതൽ 40 കോടി രൂപ വരെയാണ് ബെവ്കോയുടെ വരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന സർക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് ഇതോടെ നിലയ്ക്കുന്നത്.
മദ്യവില്പന ശാലകളുടെ പ്രവർത്തനസമയം പരിമിതപ്പെടുത്തുമെന്നായിരുന്നു ചൊവ്വാഴ്ച വൈകിട്ടു വരെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായാണ് ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും ചില്ലറവില്പനശാലകൾ പൂട്ടാൻ ഇന്നലെ തീരുമാനമെടുത്തത്.
കൊറോണ ഭീതിക്കിടയിൽ മദ്യശാലകൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷവും മറ്റു ചില സംഘടനകളും ഉയർത്തിയ പ്രതിഷേധവും ചില ദൃശ്യ മാദ്ധ്യമങ്ങൾ ആവർത്തിച്ചു നടത്തിയ ആക്രമണവുമാണ് പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചത്. ദീർഘനാളത്തേക്ക് മദ്യവില്പന ശാലകൾ പൂട്ടിക്കിടന്നാലുണ്ടാകാവുന്ന വിപത്ത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബോദ്ധ്യപ്പെട്ടതാണ്. 732 ബാറുകളാണ് ഒറ്റയടിക്ക് അന്ന് പൂട്ടിയത്. ബാറുകൾ പൂട്ടുകയും ചില്ലറ വില്പന ശാലകളുടെ എണ്ണം കുറയുകയും ചെയ്തതോടെയാണ് സംസ്ഥാനത്തേക്ക് കഞ്ചാവിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും കുത്തൊഴുക്കുണ്ടായത്.
വരുമാനത്തിലെ ഇടിവ്
ബെവ്കോയുടെ പ്രതിദിന വരുമാനം
38 മുതൽ 40 കോടി വരെ
ഒരു വർഷം ബെവ്കോ വഴി സർക്കാരിന് കിട്ടുന്നത്
13,200 കോടി
നിലവിലെ മദ്യശാലകൾ
*ബാറുകൾ..........600
*ബെവ്കോ വില്പനശാലകൾ..265
*കൺസ്യൂമർഫെഡ്...33
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |