തിരുവനന്തപുരം: കൊറോണ ഭീഷണിയുള്ളതിനാൽ ഗൂഗിൾ മീറ്റിലൂടെ സെനറ്റ് യോഗംചേർന്ന് കേരള സർവകലാശാലയുടെ പുതിയ ബഡ്ജറ്റ് പാസാക്കി. വൈസ് ചാൻസലറുടെ അദ്ധ്യക്ഷതയിൽ സെനറ്റ് ചേംബറിൽ ചേർന്ന യോഗത്തിൽ ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. കെ. എച്ച്. ബാബുജാൻ ബഡ്ജറ്റ് അവതരിപ്പിക്കുകയായിരുന്നു.
72 സെനറ്റ് അംഗങ്ങളാണ് ബജറ്റ് സമ്മേളന ത്തിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പങ്കെടുത്തത്. 15 സെനറ്റ് അംഗങ്ങൾ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി. സർവകലാശാലയിൽ വിവിധ സ്ഥലങ്ങളിലായി അഞ്ചിൽ താഴെയുള്ള സംഘങ്ങളായി സിൻഡിക്കേറ്റ് അംഗങ്ങളും സർവകലാശാല സ്റ്റാറ്റിയൂട്ടറി ഓഫീസർമാരും സെനറ്റിന്റെ ഭാഗമായി പങ്കെടുത്തു.
669.15 കോടി രൂപ വരവും, 671.08 കോടി രൂപ ചിലവും 1.93 കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന സർവകലാശാല ബഡ്ജറ്റ് അക്കാഡമിക പഠന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. സർവകലാശാല പഠന വിഭാഗങ്ങളുടെ ആധുനികവത്കരണവും ലക്ഷ്യംവയ്ക്കുന്നു. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അഡ്വാൻസ്ഡ് മെറ്റീരിയൽ റിസർച്ച് ലാബ് ക്ലിഫിലേക്ക് മാറ്റുന്നതിനും സർവകലാശാലയുടെ സെൻട്രൽ ലബോറട്ടറിയായ 'ക്ലിഫിന്റെ' ആധുനിക വത്കരണത്തിനുമായി 50 ലക്ഷം രൂപ അനുവദിച്ചു.
ബഡ്ജറ്റിലെ മറ്റു പ്രഖ്യാപനങ്ങൾ:
സ്‌കോളർ ഇൻ റസിഡന്റ് പ്രോഗ്രാമിന് 25 ലക്ഷം
യംഗ് സൈന്റിസ്റ്റ് സമ്മിറ്റ് (വൈസ്റ്റാർ) രാജ്യാന്തര കൂട്ടായ്മയ്ക്ക് 50 ലക്ഷം
നവീന ഊർജ ഉത്പാദനത്തിനും ഗവേഷണത്തിനും 50 ലക്ഷം
സർവകലാശാലയുടെ നക്ഷത്രബംഗ്ലാവ് വിപുലീകരിക്കുന്നതിന് 25 ലക്ഷം
ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് പഠനവകുപ്പാക്കാനും കോഴ്സുകൾ ആരംഭിക്കുന്നതിനും 10 ലക്ഷം
ഗവേഷകർക്ക് പുസ്തക പ്രസിദ്ധീകരണത്തിനും അന്താരാഷ്ട്ര ജേർണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും 10 ലക്ഷം
ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ വിപുലീകരിക്കുന്നതിന് 50 ലക്ഷം
പരീക്ഷാ വിഭാഗത്തിന്റെ ആധുനികവത്കരണത്തിന് 2.5 കോടി
കാര്യവട്ടം കാമ്പസിൽ 'ഇൻഡോർ ട്രെയിനിംഗ് ഹാൾ' നിർമ്മിക്കുന്നതിന് 1 കോടി
യൂണിവേഴ്സിറ്റി ലൈബ്രറിയിൽ മൾട്ടി ഡിസിപ്ലിനറി റിസർച്ച് സെന്റർ സ്ഥാപിക്കുന്നതിന് 40 ലക്ഷം
കമ്മ്യൂണിറ്റി ലബോറട്ടറിയും വിപണന യൂണിറ്റും കാര്യവട്ടം കാമ്പസിൽ സ്ഥാപിക്കുന്നതിന് 30 ലക്ഷം
കാര്യവട്ടം കാമ്പസിൽ സൗരോർജ പദ്ധതി നടപ്പാക്കുന്നതിന് 2 കോടി
കാര്യവട്ടം കാമ്പസിൽ വെള്ളത്തിന്റെ സ്വയം പര്യാപ്തതക്ക് 10 ലക്ഷം
കാര്യവട്ടം കാമ്പസിൽ അക്വാട്ടിക് ബയോളജി വകുപ്പിന് 15 ലക്ഷം
ഔഷധ സസ്യങ്ങളിൽ ജീനോം സ്വീക്വൻസിങ്ങിനായി 20 ലക്ഷം
രസതന്ത്രപഠന വകുപ്പിൽ പുതിയ പി.ജി. പ്രോഗ്രാമിന് 25 ലക്ഷം
അദ്ധ്യാപകരുടെ ഗവേഷണത്തുടർച്ചയ്ക്ക് സ്റ്റാർട്ട് അപ് ഗ്രാന്റ് പദ്ധതിക്കായി 40 ലക്ഷം
പാളയം കാമ്പസിലെ ഡോ. കെ.ആർ. നാരായണൻ മെമ്മോറിയൽ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിൽ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിന് 25 ലക്ഷം
സർവകലാശാല വൈസ് ചാൻസിലറുടെ ഓഫീസ് ബ്ലോക്കിൽ അനക്സ് നിർമ്മിക്കുന്നതിന് 1.50 കോടി
കാര്യവട്ടം കാമ്പസിലെ കാന്റീൻ സൗകര്യത്തിന് 25 ലക്ഷം
ഒ.എൻ.വി സ്മാരക ലാംഗ്വജ് ബിൽഡിംഗിലെ ഓപ്പൺ ആഡിറ്റോറിയത്തിന് മേൽക്കൂര നിർമ്മിക്കുന്നതിന് 60 ലക്ഷം
ബയോകെമിസ്ട്രി വിഭാഗത്തിലെ അനിമൽ ഹൗസ് പുതുക്കുന്നതിന് 25 ലക്ഷം
പഠന വകുപ്പുകളുടെ സേവനം സ്‌കൂളുകളിലേക്കും, ഗ്രാമങ്ങളിലേയ്ക്കും എത്തിക്കുന്നതിന്റെ പ്രവർനങ്ങൾക്കായി 30 ലക്ഷം
മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി വകുപ്പുകൾക്കായി പുതിയ ക്ലാസ്റൂമുകൾക്ക് 50 ലക്ഷം
സോഷ്യൽ സയൻസ് ബ്ലോക്കിന്റെ 'റൂഫ്‌ടോപ്പ്' ക്ലാസ് മുറികളാക്കുന്നതിന് 60 ലക്ഷം
പാളയത്തെ സർവകലാശാല കാമ്പസിൽ 25 മുറികളുള്ള ഗസ്റ്റ് ഹൗസ് പണിയുന്നതിന് 1 കോടി
വാല്യുവേഷൻ സെന്ററുകൾ നവീകരിക്കുന്നതിന് 75 ലക്ഷം
ആലപ്പുഴയിലെ റിസർച്ച് സ്റ്റഡി സെന്ററിൽ ബിരുദാനന്തര ബിരുദ പഠനത്തിനും ഗവേഷണത്തിനുമായി 50 ലക്ഷം
യു.ജി.സി വ്യവസ്ഥകൾക്കനുസരിച്ച് കമ്മിറ്റി രൂപീകരിച്ച് സർവകലാശാല നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിന് 5 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |