ആംസ്റ്റർഡാം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ചയായി അടഞ്ഞു കിടക്കുകയായിരുന്ന മ്യൂസിയത്തിൽ നിന്നും വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻഗോഗിന്റെ മോഷണം പോയി. നെതർലൻഡിന്റെ തലസ്ഥാനമായ ആംസ്‌റ്റർഡാമിലെ ' ദ സിംഗർ ലാറെൻ ' മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന വാൻഗോഗിന്റെ ' ദ പാഴ്സനേജ് ഗാർഡൻ അറ്റ് ന്യൂനെൻ ഇൻ സ്പിംഗ്' ആണ് പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 3.15 ഓടെ മോഷണം പോയത്. മ്യൂസിയത്തിന്റെ മുന്നിലെ ചില്ല് വാതിൽ തകർത്താണ് മോഷ്‌ടാക്കൾ അകത്ത് കടന്നത്.
വാൻഗോഗ് 1884ലാണ് ഈ ചിത്രം വരച്ചതെന്ന് കരുതപ്പെടുന്നു. വാൻഗോഗ് തന്റെ പിതാവിനൊപ്പം താമസിക്കവെ വരച്ച ചിത്രങ്ങളിലൊന്നാണിത്. ഏകദേശം 6 ദശലക്ഷം വരെ യൂറോ വിലമതിയ്ക്കുന്നതാണ് ഈ പെയിന്റിംഗ്. വാൻഗോഗിന്റെ 167ാം ജന്മദിനമായിരുന്നു ഇന്നലെ. 1990ന് ശേഷം ഇത് മൂന്നാം തവണയാണ് വാൻഗോഗിന്റെ പെയിന്റിംഗ് മോഷ്‌ടിക്കപ്പെടുന്നത്. വാൻഗോഗ് 1882ൽ വരച്ച ' വ്യൂ ഒഫ് ദ സീ അറ്റ് ഷെവെനിൻഗൻ' , 1884ൽ വരച്ച ' കാൺഗ്രഗേഷൻ ലീവിംഗ് ദ റീഫോർമ്ഡ് ചർച്ച് അറ്റ് ന്യൂനൻ' എന്നിവ 2002ൽ ആംസ്റ്റർഡാമിലെ വാൻഗോഗ് മ്യൂസിയത്തിൽ നിന്നും മോഷണം പോയിരുന്നു. 2016ൽ നേപ്പിൾസിലെ ഒരു മയക്കുമരുന്ന് മാഫിയയുടെ വീട്ടിൽ നിന്നും ഇവ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |