കൊല്ലം: കുരീപ്പുഴ കല്ലുവിള വീട്ടിൽ കിഷോറിനും കുടുംബ സുഹൃത്തിനും ഇന്നലെ ആശ്വാസത്തിന്റെ ദിനമായിരുന്നു. ഇറ്റലിയിൽ നിന്നെത്തിയ കുടുംബസുഹൃത്തായ എറിക്കിന് നിരീക്ഷണത്തിൽ കഴിയാൻ സ്വന്തം വീട്ടിൽ ഇടം നൽകിയതിന്റെ പേരിൽ ഭീഷണിയും ഒറ്റപ്പെടുത്തലും നേരിട്ട കിഷോറിന്റെ ശത്രുക്കൾ ഒറ്റദിവസം കൊണ്ട് മിത്രങ്ങളായി, ഒപ്പം നാട്ടിലും വിദേശത്തുനിന്നും അഭിനന്ദന പ്രവാഹവും.
'കൊറോണയെ തോൽപ്പിച്ച സൗഹൃദത്തിന് ഉറ്റ ബന്ധുക്കളുടെ ഒറ്റപ്പെടുത്തൽ' എന്ന തലക്കെട്ടിൽ കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പത്രത്തിലും ഓൺലൈനിലും വാർത്ത വായിച്ച നാട്ടിലും വിദേശത്തുമുള്ളവർ കിഷോറിന്റെ നന്മനിറഞ്ഞ പ്രവൃത്തിയെ അഭിനന്ദിച്ചു. കിഷോറിന്റെ വീടിന് തീവയ്ക്കുമെന്നും കല്ലെറിയുമെന്നുമൊക്കെ പറഞ്ഞ ബന്ധുക്കളടക്കം ഇന്നലെ ഫോണിൽ വിളിച്ചും നേരിട്ടും അഭിനന്ദനം അറിയിച്ചു. കിഷോർ വർഷങ്ങളോളം ജോലി ചെയ്തിരുന്ന സൗദിഅറേബ്യയിലെ സുഹൃത്തുക്കളും വിളിച്ചിരുന്നു. കൊവിഡ് 19 നിരീക്ഷണത്തിന്റെ ഭാഗമായി കിഷോറിന്റെ വീട്ടിൽ കഴിഞ്ഞ എറിക്കിന് നിരീക്ഷണ കാലാവധി അവസാനിച്ചിട്ടും സമൂഹത്തിന്റെ എതിർപ്പ് ഭയന്ന് പുറത്തിറങ്ങാനാകാത്ത സാഹചര്യമായിരുന്നു. അതിനാണ് ഇന്നലെ അവസാനമായത്.
ഇറ്റലിയിലെ റോമിലും വെനീസിലുമുള്ള ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും എറിക്കിനെ വീഡിയോ കാളിലൂടെയും വാട്സ് ആപ്പിലൂടെയും ബന്ധപ്പെട്ട് സ്നേഹാന്വേഷണങ്ങൾ പങ്കുവച്ചു. ഇറ്റലിയിലെ മലയാളി കൂട്ടായ്മയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലും ഫേസ്ബുക്കിലും കേരളകൗമുദി വാർത്ത ചർച്ചയായതായി എറിക്ക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |