മാദ്ധ്യമങ്ങൾക്കെതിരെ കായംകുളം എം.എൽ.എ യു പ്രതിഭ രൂക്ഷ വിമർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ശബരീനാഥൻ എം.എൽ.എ രംഗത്തെത്തി. എം.എൽ.എയും ഡി.വൈ.എഫ്.ഐ നേതാക്കളും തമ്മിലുള്ള പോര് വാർത്തയായതിന് പിന്നാലെയാണ് പ്രതിഭ മാദ്ധ്യമപ്രവർത്തകരെ വിമർശിച്ച് രംഗത്തെത്തിയത്. പൊതുപ്രവര്‍ത്തകര്‍ക്ക് ആകമാനം കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തിയാണ് പ്രതിഭയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് ശബരീനാഥന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കായംകുളം MLA ശ്രിമതി യൂ.പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില DYFI പ്രവർത്തകരാണ്. MLA യെ കുറിച്ച് അവർ പറഞ്ഞ കാര്യങ്ങളിൽ കഴമ്പില്ല എന്നതാണ് ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ എന്റെ നിലപാട്. പക്ഷേ ഈ സഹപ്രവർത്തകരെ പറഞ്ഞു മനസ്സിലാക്കുന്നതിന്പകരം ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്ന MLA ഈ വാർത്ത റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകരോട് "നിങ്ങൾ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഭേദം, അത് ആണായാലും പെണ്ണായാലും" എന്ന് പറയുന്നത് ഒരു പൊതുപ്രവർത്തകയ്ക്ക് ചേർന്നതല്ല.
നമ്മൾ ജനപ്രതിനിധികളാണ്, കൂടുതൽ വിവേകവും ഔചിത്യവും ആത്മസംയമനവും പാലിക്കേണ്ടവരാണ്. ചിലപ്പോൾ എനിക്കും നിങ്ങൾക്കുമൊക്കെ അലോസരം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം, വാർത്തകൾ വന്നേക്കാം- അവയെ സമചിത്തതയോടെ നേരിടണം. ഇത്തരത്തിലുള്ള മറുപടി ഒരു ജനപ്രതിനിധി നൽകുമ്പോൾ, ജനം മാർക്കിടുന്നത് നമുക്കാണെന്ന് പ്രിയ MLA ഓർക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |