ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടുമുട്ടുന്ന ചില വ്യക്തികളുണ്ട്. സഹായികളുണ്ട്. രക്ഷകരുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് അവർ നമ്മെ വല്ലാതെ സ്വാധീനിച്ചെന്നുവരും. ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ് അനിലെന്ന സഹയാത്രികനെ പരിചയപ്പെട്ടത്. സ്വദേശം ഏറ്റുമാനൂർ. കോളേജ് അദ്ധ്യാപകനാണ്. ആദ്യം കിട്ടിയ ജോലി ബാങ്കിൽ. വൈകാതെ ഹയർ സെക്കൻഡറി അദ്ധ്യാപകനായി. അതുമായി പൊരുത്തപ്പെട്ടുവന്നപ്പോൾ കോളേജിലെ മലയാള അദ്ധ്യാപക തസ്തിക ലഭിച്ചു. യാത്രക്കാരിലൊരാൾ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അവഗണന, അവഹേളനം എന്നിവയെക്കുറിച്ച് കടുത്ത് തർക്കിച്ചപ്പോൾ മദ്ധ്യസ്ഥനെപ്പോലെ അനിൽ ഇടപെട്ടു. രംഗം ശാന്തമായി. പക്വതയാർന്ന വാക്കുകൾ. അറിയാതെ അത് ശ്രദ്ധിച്ചിരുന്നപ്പോൾ സമയവും പുറം കാഴ്ചകളും മറഞ്ഞുപോയി.
ആരെയും പ്രകൃതി എക്കാലവും ഒന്നാം സ്ഥാനത്തിരുത്തില്ല. എക്കാലവും സമ്പന്നതയുടെ മടിത്തട്ടിലിരിക്കാമെന്നും വ്യാമോഹിക്കരുത്. കോളേജിലെ അദ്ധ്യാപകനായതുകൊണ്ട് ചിലേടങ്ങളിൽ അല്പം മുന്തിയ പരിഗണന കിട്ടും. മറ്റാരും അപ്പോഴും പരാതി പറയാറില്ല. മുറുമുറുക്കാറുമില്ല. ചിലേടങ്ങളിൽ മറിച്ചായിരിക്കും സ്ഥിതി. തിരക്കുള്ള കടയിൽ സാധനമെടുത്തു തുടങ്ങുമ്പോൾ സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ട ഒരു സിഗരറ്റ് വാങ്ങാൻ വരുന്നു എന്നിരിക്കട്ടെ. സാറല്പം നിൽക്കുമല്ലോ എന്ന സാന്ത്വനത്തോടെ അയാൾക്ക് മുന്തിയ പരിഗണന നൽകിയെന്നുവരാം. എല്ലായിടത്തും അറിഞ്ഞും അറിയാതെയും ഈ വിവേചനമുണ്ടാകും. എല്ലായിടത്തും നമ്മെ സ്വീകരിച്ചിരുത്തുമെന്ന് കരുതരുത്. ചില സന്ദർഭങ്ങൾ പനിനീര് തളിച്ചെന്നുവരും. ചില നിമിഷങ്ങൾ കാക്കയെപ്പോലെ കാഷ്ഠിച്ചെന്നുവരും. രണ്ടും അനുഭവിക്കണം. സഹിക്കണം. കാഷ്ഠിച്ച കാക്കയെ പത്തുതെറിവിളിക്കുകയോ കല്ലെടുത്തെറിഞ്ഞ് ആക്രോശിക്കുകയോ ചെയ്താൽ എന്തുഫലം. കാക്കകാഷ്ഠത്തേക്കാൾ കൂടുതൽ നാറുകയേ ഉള്ളൂ. അനിൽ സാറിന്റെ വാക്കുകൾ സഹയാത്രികരെ രസിപ്പിച്ചു.
ഒരു വിദേശിയിൽ നിന്നുണ്ടായ രണ്ടനുഭവങ്ങളും അദ്ദേഹം ഉദാഹരിച്ചു. തിരക്കുള്ള ഒരു ആശ്രമത്തിൽ മഠാധിപതിയെ ദർശിക്കാൻ നിൽക്കുകയാണ് ആ ജർമ്മൻകാരൻ. തൊട്ടുപിന്നിൽ അനിലും. സെക്യൂരിറ്റിക്കാരൻ വന്ന് വിദേശിയായതുകൊണ്ട് അകത്തേക്ക് വരാമെന്ന് ഇംഗ്ളീഷിൽ പറഞ്ഞപ്പോൾ ജർമ്മൻകാരൻ അത് നിരസിച്ചു. എന്റെ പിന്നിൽ നിൽക്കുന്നവരേക്കാൾ വലിയ പരിഗണന എനിക്ക് തരരുത്. പിന്നിൽ നിന്ന മലയാളികൾ മൂക്കത്ത് വിരൽവച്ചു. അകത്തുകയറി ദർശനവും കഴിഞ്ഞ് കഞ്ഞിയും പയറും കുടിച്ച് പാത്രം കഴുകാൻ നിൽക്കുമ്പോൾ ജർമ്മൻകാരനെ വീണ്ടും കണ്ടു. അയാൾ പാത്രം കഴുകിവൃത്തിയാക്കി നിൽക്കുകയാണ്. അനിലിന്റെ പാത്രംകൂടി വാങ്ങി അയാൾ കഴുകുകയാണ്. അതിശയിച്ച് നിൽക്കുമ്പോൾ ആശ്രമത്തിൽ കയറിയിട്ട് ഇത്രയങ്കിലും മാറ്റം വേണ്ടേ? എന്ന് ജർമ്മൻകാരൻ പുഞ്ചിരിയോടെ ഇംഗ്ളീഷിൽ ചോദിച്ചു. വില്യംസ് എന്ന ആ ജർമ്മൻകാരന്റെ വാക്കുകൾ പനിനീരുപോലെ അനുഭവപ്പെട്ടു. കാക്കകാഷ്ഠമല്ലേ പല സുന്ദരമുഖങ്ങളിൽ നിന്നും വരുന്നതെന്ന ചോദ്യത്തിന് മറുപടി പറയുമുമ്പേ അനിൽ ഏറ്റുമാനൂർ സ്റ്റേഷനിൽ ഇറങ്ങിയിരുന്നു.
(ഫോൺ : 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |