തിരുവനന്തപുരം: ലോക്ഡൗണിൽ ബുദ്ധിമുട്ടുന്ന വയോജനങ്ങൾക്കും രോഗികൾക്കും സഹായവുമായി ഷീ ടാക്സികൾ എത്തും. വിവിധ രോഗങ്ങളാൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കും വൃദ്ധജനങ്ങൾക്കും മരുന്നുകൾ വാങ്ങുന്നതിനും അപ്പോയ്‌ൻമെന്റ് എടുത്തവർക്ക് ആശുപത്രികളിൽ പോകുന്നതിനുമായി ഇന്ന് മുതൽ ഷീ ടാക്‌സി സേവനം ലഭ്യമാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 15 കിലോമീറ്റർ ചുറ്റളവിലായിരിക്കും ഷീ ടാക്‌സിയുടെ സേവനം ആദ്യം ലഭ്യമാവുക. സേവനം ആവശ്യമുള്ളവർക്ക് കേന്ദ്രീകൃത കോൾ സെന്ററിലേക്ക് വിളിക്കാം. ബി.പി.എൽ കാർഡുള്ളവർക്ക് സേവനം സൗജന്യമാണ്. മറ്റുള്ളവരിൽ നിന്നും കിലോമീറ്ററിന് അംഗീകൃത നിരക്കിന്റെ പകുതി ഈടാക്കും. അതേസമയം എ.പി.എൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യ സേവനം നൽകും. സൗജന്യ സേവനം നൽകുന്നതിലൂടെ ഷീ ടാക്‌സി ഡ്രൈവർമാർക്കുണ്ടാകുന്ന ചെലവ് ജെൻഡർ പാർക്കും, ഗ്ലോബൽ ട്രാക്‌സും (കോൾ സെന്റർ), ഷീ ടാക്‌സി ഡ്രൈവർമാരും ചേർന്നാകും വഹിക്കുക. സുരക്ഷ ഉറപ്പാക്കുന്നതിനായി ഷീ ടാക്‌സി ഡ്രൈവർമാർക്ക് ആവശ്യമായ സുരക്ഷാ കിറ്റുകൾ തിരുവനന്തപുരം നിംസ് ആശുപത്രി നൽകും.
വിളിക്കാം ഈ നമ്പരുകളിൽ
കോൾസെന്റർ നമ്പരുകളായ 7306701200, 7306701400 എന്നിവയിൽ വിളിക്കാം. മരുന്നുകൾ ആവശ്യമുള്ളവർ കോൾസെന്ററുമായി ബന്ധപ്പെടുന്നതോടൊപ്പം ഡോക്ടറുടെ കുറിപ്പടി കൂടി വാട്‌സാപ്പ് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |