ആറ്റിങ്ങൽ: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്കായി കൊണ്ടുന്ന അഞ്ചര ടൺ പഴകിയ മത്സ്യം പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവറെ അറസ്റ്റു ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്രാവ് ഇനത്തിൽപ്പെട്ട അമൂദ മത്സ്യമാണ് പിടിച്ചത്. ശ്രീലങ്ക, ഗൾഫ് എന്നിവിടങ്ങളിൽ പ്രിയപ്പെട്ട വിലകൂടിയ മത്സമാണിത്. പിടിച്ചെടുത്ത മത്സ്യം നഗരസഭ അധികൃതർക്ക് കൈമാറി. ഇത് മാലിന്യസംസ്‌കരണ പ്ലാന്റിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് മീൻ ലോറി ആറ്റിങ്ങൽ കച്ചേരിനടയിലെത്തിയത്. വാഹനം തടഞ്ഞ പൊലീസ്, ഡ്രൈവറോട് വിവരങ്ങൾ തിരക്കി. മറുപടി തൃപ്തികരമല്ലാതിരുന്നതിനെ തുടർന്നാണ് വാഹനം പരിശോധിച്ചത്. ഞായറാഴ്ചയും ഇതേരീതിയിൽ രണ്ട് ടണ്ണിലധികം പുഴുത്ത മത്സ്യം കച്ചേരി ജംഗ്ഷനിൽ നിന്നു പിടികൂടിയിരുന്നു. എസ്.ഐ സനൂജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മത്സ്യം പിടികൂടി നഗരസഭാ ഹെൽത്ത് വിഭാഗത്തെ ഏൽപിച്ചത്. 30 ലക്ഷത്തിലധികം വിലവരുന്ന മത്സങ്ങളാണിതെന്ന് ഡ്രൈവർ പറഞ്ഞു. കയറ്റി അയയ്ക്കാനായി കരുതിയ മത്സ്യങ്ങളാണിതെന്നും ലോക്ക് ഡൗൺ കാരണം അതിന് കഴിയാത്തതിനാൽ കേരളത്തിൽ വിവിധ ഇടങ്ങളിൽ മൊത്ത വ്യാപാരികളുടെ ആവശ്യപ്രകാരം എത്തിക്കാനായി കൊണ്ടുവന്നതാണെന്നും ചോദ്യം ചെയ്യലിൽ ഡ്രൈവർ പൊലീസിനോട് പറഞ്ഞു. മാരക രാസവസ്തുക്കൾ പുരട്ടിയവയായിരുന്നു മത്സ്യങ്ങൾ. തമിഴ് നാട്ടിൽ നിന്ന് ചീഞ്ഞ മത്സ്യങ്ങൾ അതിർത്തി കടത്തി വിടുന്നത് തടയണമെന്നും ചെക്ക് പോസ്റ്റുകളും നിരവധി പൊലീസ് സ്റ്റേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ കടന്ന് ആറ്റിങ്ങലിൽ എത്തിയപ്പോഴാണ് പിടികൂടിയതെന്നും ചെയർമാൻ എം. പ്രദീപ് പറഞ്ഞു. ഇത് ഗുരുതരമായ വീഴ്ചയാണ്. മാരക രാസപദാർത്ഥം പുരട്ടിയ മത്സ്യം എത്തിക്കുന്ന മൊത്ത വ്യാപാരികളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |