തിരുവനന്തപുരം:ലോകമാകെ മരണഭീതി പരത്തുന്ന കൊവിഡ് 19 മഹാമാരിയെ ഫലപ്രദമായി ചെറുക്കാനായെന്ന സൂചനയാണ് കേരളം നൽകുന്നത്. ലോക്ക് ഡൗണും ശക്തമായ മുൻകരുതലുകളും ജാഗ്രതയോടെയുള്ള ചികിത്സയും ആയി കേരളം അതിജീവനത്തിന്റെ പാതയിലാണെന്ന് കരുതുന്നു.അതേസമയം ലോക്ക് ഡൗൺ പിൻവലിച്ചാൽ എന്താകുമെന്ന ആശങ്കയുമുണ്ട്.
കൊവിഡ് ബാധ തുടങ്ങുന്നത് മാർച്ച് എട്ടിനാണ്. മാർച്ച് 24ന് രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അന്ന് അന്താരാഷ്ട്ര വിമാനസർവീസുകളും നിറുത്തി. അതോടെ പുറമേ നിന്നുള്ള രോഗികളുടെ വരവ് നിലച്ചു.
മാർച്ച് 24 മുതൽ രണ്ടാഴ്‌ച കാലയളവിലാണ് (ഏപ്രിൽ 5 വരെ) രാജ്യത്ത് ഏറ്റവുമധികം രോഗികളെ കണ്ടെത്തിയത്. ഇതിന് ശേഷം ഏപ്രിൽ 5 മുതൽ 14 വരെ രോഗവ്യാപനം തടയാനായാൽ കേരളവും രാജ്യവും രോഗപ്രതിരോധത്തിൽ വിജയിച്ചതായി പറയാമെന്നാണ് ദേശീയ ആരോഗ്യ സുരക്ഷാമിഷന്റെ വിലയിരുത്തൽ.
രോഗിയുമായി ബന്ധപ്പെട്ടവരിൽ നിന്ന് രോഗം പടരുന്നത് തടയാനായതും മരണം കുറയ്ക്കാൻ കഴിഞ്ഞതുമാണ് കേരളത്തിന്റെ നേട്ടം.
ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത് വരെയുള്ള 16 ദിവസങ്ങളിൽ (മാർച്ച് 8-24) സംസ്ഥാനത്ത് 98 കൊവിഡ് പൊസിറ്റീവ് കേസുകളാണുണ്ടായത്. ഇക്കാലത്ത് വിദേശത്തു നിന്ന് വന്ന രോഗികളിൽ രോഗം പുറത്തുവരുന്ന 21 ദിവസത്തിലെ ഒരാഴ്ചയിൽ (മാർച്ച് 25 മുതൽ 30 വരെ) സംസ്ഥാനത്ത് 108 രോഗികളുണ്ടായി. മാർച്ച് 30 മുതൽ ഏപ്രിൽ 5 വരെ 115 രോഗികളുണ്ടായി. ഏപ്രിൽ 5 ന് ശേഷം ഇതുവരെ 30 രോഗികളാണുണ്ടായത്.
മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെയുള്ള ഒരുമാസം 336 രോഗികളുണ്ടായി. ഇതിൽ 87 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. രോഗം പടർന്നുപിടിച്ച ലോകരാജ്യങ്ങളിലും മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലും ഇത് വളരെ കൂടുതലാണ്. സംസ്ഥാനത്ത് സമ്പർക്കം മൂലം രോഗം കൂടുതലുണ്ടായത് മാർച്ച് 30 മുതൽ ഏപ്രിൽ 5 വരെയാണ്. 52 പേർക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് എട്ടുപേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം പിടിച്ചത്. ഇത് രോഗം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനയായാണ് കാണുന്നത്.
രോഗികളുടെ എണ്ണം
കാലയളവ്................. ഇന്ത്യയിൽ ......കേരളത്തിൽ
1. മാർച്ച് 8 - 25 ....................606 ..................98
2. മാർച്ച് 25- 30.................. 1251.................206
3. മാർച്ച് 30 - ഏപ്രിൽ 5 ....3577................ 321
4. ഏപ്രിൽ 5 - 8 .................. 5194.................336
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |