കൊല്ലം: കൊവിഡ് 19നെതിരെയുള്ള ബോധവത്കരണത്തിന് അനവദ്യ വരയ്‌ക്കുന്ന കാരിക്കേച്ചറുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നു. പത്രങ്ങളിലും ചാനലുകളിലും വരുന്ന പ്രതിരോധ മാർഗങ്ങളും ലോക്ക് ഡൗൺ വാർത്തകളുമാണ് പ്രമേയം. പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
കൊവിഡ് 19ന് എതിരെ സന്ദേശം നൽകുന്ന പ്രധാനമന്ത്രിയും സംസ്ഥാന ആരോഗ്യമന്ത്രിയും ലോക്ക് ഡൗൺ നിയന്ത്രിക്കുന്ന പൊലീസുകാരുമൊക്ക കഥാപാത്രങ്ങളാണ്. കൂട്ടുകാർ കൊവിഡ് 19ന്റെ പിടിയിലാകാതിരിക്കാനാണ് അനവദ്യ വരച്ചുതുടങ്ങിയത്. ഓരോ കാരിക്കേച്ചറും കൂട്ടുകാർ കാണാനായി രക്ഷാകർത്താക്കൾ ഉൾപ്പെടുന്ന സ്കൂളിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ആദ്യം പോസ്റ്റ് ചെയ്യുന്നത്. പിന്നീട് അച്ഛന്റെയും അമ്മയുടെയും ജ്യേഷ്ഠന്റെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യും. ഇപ്പോൾ ആർട്ടിസ്റ്റ് അനവദ്യ എന്ന സ്വന്തം ഫേസ് ബുക്ക് പേജിലും പോസ്റ്റ് ചെയ്യുന്നുണ്ട്.
ലോക്ക് ഡൗൺ അവസാനിച്ചശേഷം കോവിഡ് 19 കാരിക്കേച്ചറുകളുടെ പ്രദർശനം നടത്തണമെന്നാണ് അഗ്രഹം.
ജീവകാരുണ്യ സംഘടനയായ പാലിയം ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാൻ വർഷങ്ങളായി പെയിന്റിംഗുകൾ വരച്ചു നൽകുന്നുണ്ട്. ഒൻപത് വയസിനുള്ളിൽ 4,500 ചിത്രങ്ങൾ വരച്ച് യൂണിവേഴ്സൽ റെക്കാഡ് ഫോറത്തിന്റെ അംഗീകാരം നേടിയിരുന്നു.
ചിത്രകാരനും ഡിസൈനറുമായ മയ്യനാട് ദീപക്കിന്റെ മകളാണ്. അമ്മ രശ്‌മി നേച്ചർ ഫോട്ടോഗ്രാഫറാണ്. സഹോദരൻ അതിദേവ് കാക്കനാട് ഇന്റർനാഷണൽ സ്കൂൾ ഒഫ് ക്രിയേറ്റീവ് ആർട്സിലെ വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |