ന്യൂഡൽഹി: കൊവിഡിനുശേഷം യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങൾ കൂടിവരുന്നതിന് കാരണം കൊവിഡ് വാക്സിനല്ലെന്ന് വിദഗ്ദ്ധർ. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) എയിംസും നടത്തിയ പഠനങ്ങളിലാണ് കൊവിഡ് വാക്സിന്റെ പേരുദോഷം മാറിക്കിട്ടിയത്. രാജ്യത്ത് നാൽപ്പതുവയസിന് താഴെയുള്ളവരിൽ ഹൃദയാഘാത നിരക്ക് കുത്തനെ വർദ്ധിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ പുറത്തുവന്നത്.
കൊവിഡ് വാക്സിനുകളും യുവാക്കളിലെ ഹൃദയാഘാതവും തമ്മിൽ ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ജീവിത ശൈലികളും മുൻകാല സാഹചര്യങ്ങളും കുടുംബ പശ്ചാത്തലവുമൊക്കെയാണ് മരണത്തിന് പിന്നിലെ പ്രധാന കാരണമെന്നും പഠനത്തിൽ വ്യക്തമായി.
ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും സംയുക്തമായി പതിനെട്ടിനും 45നും ഇടയിൽ പ്രായമുള്ളവരെയാണ് പഠനവിധേയരാക്കിയത്. യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണങ്ങൾ കൂടിയതോടെയാണ് പഠനം നടത്താൻ തീരുമാനിച്ചത്. പെട്ടെന്നുള്ള മരണത്തിന് കാരണം കൊവിഡ് വാക്സിനെന്ന ആക്ഷേപം ശക്തമായിരുന്നു. വേണ്ടത്ര പരിശോധനങ്ങളും പരീക്ഷണങ്ങളും നടത്താതെ പെട്ടെന്ന് വാക്സിൻ മനുഷ്യരിൽ പ്രയോഗിച്ചതിന്റെ ദൂഷ്യവശങ്ങളാണ് ഇതെല്ലാം എന്നതരത്തിലായിരുന്നു ആക്ഷേപം. ഇതിനുള്ള സാദ്ധ്യത അധികൃതർ തള്ളിയെങ്കിലും അതൊന്നും ആരും വിശ്വസിച്ചില്ല. ഒരുകാരണവശാലും കൊവിഡ് വാക്സിൻ എടുക്കരുതെന്നും ചില കോണുകളിൽ നിന്ന് പ്രചാരണമുണ്ടായി.
പുതിയ കണ്ടെത്തൽ വന്നതോടെ അത്തരം പ്രചാരണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലാതായി. വ്യായാമമില്ലാത്തതും ജീവിത ശൈലികളിലെ പ്രശ്നങ്ങളും വലിയ തോതിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു എന്ന് വിദഗ്ദ്ധർ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |