കോഴിക്കോട്: കൊവിഡ് കാലത്ത് നാടും വീടും മറന്ന് രോഗികളുമായി ആശുപത്രികളിലേക്കും തിരിച്ചും പായുന്ന 108 ആംബുലൻസ് ഡ്രൈവർമാർ മക്കളെ കണ്ടിട്ട് ദിവസങ്ങളായി. ജോലി കഴിഞ്ഞ് ക്ഷീണിച്ച് വല്ലപ്പോഴും വീട്ടിലെത്തിയാൽ പരാതി പ്രവാഹമായിരിക്കും. ദിവസവും കൊവിഡ് രോഗികളുമായി പോകുന്ന ആംബുലൻസുകാർ വരുമ്പോൾ തങ്ങൾക്കും അസുഖം പടരുമോ എന്ന പരിസരവാസികളുടെ ആശങ്കയെ ചൊല്ലിയാണ് ഏറെയും.
കൊവിഡ് പരത്തുന്നവൻ എന്ന ദുഷ്‌പേരാണ് ഇപ്പോഴുള്ളത്. എന്തിന് അടുത്ത ബന്ധുക്കൾ പോലും മിണ്ടാൻ നിൽക്കാതെ മുഖം തിരിച്ച് നടക്കുകയാണ്. ഇതു കാരണം പലരും രാത്രി വീട്ടിൽ പോവാതെ ആശുപത്രിയോട് ചേർന്ന ഏതെങ്കിലും മുറിയിൽ ചടഞ്ഞുകൂടുകയാണ്.
കൊവിഡ് വ്യാപനം തടയുന്നതിൽ ആംബുലൻസുകാർക്കും പങ്കുണ്ടെന്ന കാര്യം ആരും മനസിലാക്കുന്നില്ലല്ലോ എന്ന സങ്കടമാണ് ഡ്രൈവർമാരുടേത്. രോഗം മറ്റുള്ളവർക്ക് പകരാതിരിക്കാനാണ് തങ്ങൾ കഷ്ടപ്പെടുന്നതെന്നും ഇവർ പറയുന്നു.
വില്ലനായി പട്ടിണിയും
അർദ്ധപട്ടിണിയിലാണ് മിക്ക ഡ്രൈവർമാരും. ലോക്ക് ഡൗൺ കാരണം ഹോട്ടലുകളോ തട്ടുകടകളോ പോലുമില്ല. നിറുത്താതെയുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും ഭക്ഷണം കിട്ടാറില്ല. ഉച്ചയ്‌ക്ക് ആശുപത്രി പരിസരത്തുണ്ടെങ്കിൽ കിട്ടുന്ന പൊതിച്ചോറാണ് ആകെ ആശ്രയം. ഈ സമയത്ത് ഓട്ടത്തിലാണെങ്കിൽ പിന്നെ അതും കിട്ടില്ല.
ആശുപത്രികൾക്ക് മുന്നിലെ കടയിൽ നിന്നു വാങ്ങുന്ന ബിസ്‌കറ്റാണ് മിക്ക ദിവസത്തെയും അത്താഴം.
കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുമ്പോൾ ധരിക്കേണ്ട പി.പി.ഇ കിറ്റ് പല ഡ്രൈവർമാർക്കും കിട്ടാത്ത പ്രശ്നമുണ്ട്. ജീവൻ പണയം വച്ചാണ് ഇവരുടെ സവാരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |