തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചു വിടാനും ശമ്പളം വെട്ടിക്കുറയ്ക്കാനും യു.എ.ഇ ഭരണകൂടം അനുമതി നൽകി.സർക്കാരിന്റെ അനുവാദത്തോടെ മാത്രമേ നടപടികളെടുക്കാൻ പാടുള്ളൂ.
യു.എ.ഇയിലെ പതിനേഴ് ലക്ഷത്തിലധികം മലയാളികളെ നേരിട്ട് ബാധിക്കും.
തൊഴിലില്ലാതാകുന്ന അധിക ജീവനക്കാർക്ക് ശമ്പളമില്ലാതെ താമസ സൗകര്യവും ഭക്ഷണവും നൽകുക, തൊഴിൽ രഹിതരാകുന്നവർക്ക് നിശ്ചിത കാലയളവിൽ ശമ്പളം തടയുക, പ്രതിസന്ധിയിലാകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടുക, അല്ലാത്തവ അടച്ചുപൂട്ടുക തുടങ്ങിയവയാണ് നിർദേശങ്ങൾ.
ഗൾഫ് രാജ്യങ്ങളിലെ സ്വകാര്യമേഖല തീരുമാനത്തെ സ്വാഗതം ചെയ്തു. ഈ നിയമം ഹോസ്പിറ്റാലിറ്റി, എന്റർടൈൻമെന്റ്, ട്രാൻസ്‌പോർട്ടേഷൻ, ടൂറിസം മേഖലകൾക്ക് അനുഗ്രഹമായെന്ന് ഫ്‌ളോറ ഹോസ്പിറ്റാലിറ്റിയുടെ സി.ഇ.ഒ മുഹമ്മദ് റാഫി പറയുന്നു. ദുബായിൽ എട്ട് ഹോട്ടലുകളുള്ള ഫ്‌ളോറ ഗ്രൂപ്പ് ഏഴെണ്ണവും അടച്ചിട്ടിരിക്കുകയാണ്. അറുന്നൂറ് ജീവനക്കാരുള്ള ഫ്‌ളോറ ഗ്രൂപ്പിന് ഇപ്പോൾ നൂറ്റമ്പത് പേർക്ക് മാത്രമാണ് തൊഴിൽ നൽകാനാകുന്നത്. ബാക്കിയുള്ളവർ കോമ്പൻസേറ്ററി ലീവിലാണെന്നും മുഹമ്മദ് റാഫി പറഞ്ഞു.
.....................
"യു. എ.ഇയിലെ 17 ലക്ഷത്തോളം പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നോർക്ക വിവിധ എംബസികൾക്ക് കത്തയച്ചു. യു.എ.ഇ യിലെ ഇന്ത്യൻ അംബാസഡറുമായി ബന്ധപ്പെടുന്നു. കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ സംരക്ഷിക്കും"
-പിണറായി വിജയൻ
മുഖ്യമന്ത്രി
കൊവിഡിന്റെ പ്രാഥമിക ഘട്ടത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതുപോലെയുള്ള പാക്കേജുകളിൽ സാഹചര്യങ്ങൾ വിലയിരുത്തി തുടർ നടപടികളുണ്ടാകും. തൊഴിൽ നഷ്ടപ്പെട്ട് വിദേശത്ത് നിന്ന് തിരിച്ചു വരുന്നവർക്കായി എന്തൊക്കെ ചെയ്യാനാകുമെന്ന് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും".
-വി.മുരളീധരൻ
വിദേശകാര്യ സഹമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |