തിരുവനന്തപുരം: ശേഷിക്കുന്ന എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ നടത്താൻ വിദ്യാലയങ്ങൾ ഒരുക്കാനും സാവകാശം വേണ്ടിവരും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ പല സ്കൂളുകളും ഐസൊലേഷൻ വാർഡുകളായും ക്യാമ്പുകളായും പ്രവർത്തിക്കുകയാണ്. ചില സ്കൂളുകളിൽ കമ്മ്യൂണിറ്റി കിച്ചനും പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം മറ്റു സ്ഥലങ്ങളിലേക്ക് മാറ്റേണ്ടി വരും. ആഴ്ചകളായി അടച്ചിട്ടതിനാൽ ശുചീകരണവും ചില്ലറ അറ്റകുറ്റപ്പണികളും നടത്തേണ്ടതുണ്ട്.
ലോക്ക് ഡൗൺ അവസാനിച്ച് രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാലേ സ്കൂൾ അന്തരീക്ഷം പരീക്ഷാ നടത്തിപ്പിനായി സജ്ജമാകൂവെന്ന് ബന്ധപ്പെട്ടവർ പറയുന്നു. സാമൂഹിക അകലവും സുരക്ഷാനിർദേശങ്ങളും പാലിച്ചായിരിക്കും പരീക്ഷ നടത്തുക.
*ഓൺലൈൻ പരീക്ഷയ്ക്ക്
സാദ്ധ്യതയില്ല
ലോക്ക് ഡൗൺ നീട്ടിയാലും സ്ഥിതി നിയന്ത്രണവിധേയമായതിനു ശേഷം സാമ്പ്രദായിക രീതിയിൽ തന്നെ എഴുത്തുപരീക്ഷ നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. വിവരണാത്മക രീതിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഓൺലൈനിൽ നടത്തുന്നതിനുള്ള സജ്ജീകരണം നിലവിലില്ല. സ്കൂളുകളിൽ പരീക്ഷ നടത്താൻ സാധിക്കാത്ത സ്ഥിതി വന്നാൽ മാത്രം ഓൺലൈൻ അടക്കം മറ്റു മാർഗ്ഗങ്ങൾ ആലോചിക്കും.
മന്ത്രിയുടെ കമന്റ്
`സാമ്പ്രദായിക രീതിയിൽ പരീക്ഷ നടത്തുന്നതിനെപ്പറ്റി മാത്രമാണ് ആലോചിച്ചിട്ടുള്ളത്. അത് നടക്കാതെ വന്നാൽ മാത്രമേ അല്ലാതെയുള്ള സാദ്ധ്യതകളെപ്പറ്റി ചിന്തിക്കേണ്ടതുള്ളൂ. കൊവിഡ് വ്യാപനം സംസ്ഥാനത്ത് നിയന്ത്രണവിധേയമാണ്. പരീക്ഷാ നടത്തിപ്പിനെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല.
-പ്രൊഫ.സി.രവീന്ദ്രനാഥ്,
പൊതുവിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |