ന്യൂഡൽഹി:കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് പണം വാങ്ങിയും അയൽരാജ്യങ്ങൾക്ക് സൗജന്യമായും ഇന്ത്യ കയറ്റി അയച്ച് തുടങ്ങി.
ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മ്യാൻമർ, സീഷെൽസ്, മൗറീഷ്യസ്, ശ്രീലങ്ക, ആഫ്രിക്ക തുടങ്ങി 28 രാജ്യങ്ങൾക്കാണ് ഇന്ത്യ നിലവിൽ മരുന്നുകൾ അയക്കുന്നത്. ഇതിന് പുറമെ പത്ത് രാജ്യങ്ങൾ കൂടി മരുന്നിന് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ശ്രീലങ്കയിലേക്ക് 10 ടൺ മരുന്നുകളാണ് എയർ ഇന്ത്യ വിമാനത്തിൽ കയറ്റി അയച്ചത്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി കരാർ ഒപ്പുവച്ച എല്ലാ യൂറോപ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്കും മരുന്ന് കയറ്റുമതിക്ക് വാണിജ്യമന്ത്രാലയം അനുമതിയ നൽകി. ഇന്ത്യയിൽ ഈ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള കർശന നടപടി സ്വീകരിക്കാനും കമ്പനികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി സ്‌പെഷ്യൽ ഇക്കണോമിക് സോണുകളിൽ നിന്നുള്ള കയറ്റുമതി കൂടി അനുവദിക്കും. ഇന്ത്യയിൽ സ്ഥിതി ഗുരുതരമായാൽ വിതരണം ചെയ്യേണ്ട മരുന്നുകളുണ്ടാകണമെന്ന വ്യവസ്ഥയിലാണിത്..
ലോകത്തേറ്റവും കൂടുതൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ , പാരസിറ്റമോൾ ഗുളികകൾ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. പ്രതിമാസം 5,600 മെട്രിക് ടൺ പാരസെറ്റമോൾ ഗുളികകൾ ഉത്പാദിപ്പിക്കുന്നതിൽ,ഇന്ത്യയിൽ മാസം 200 മെട്രിക് ടൺ മാത്രമേ ആവശ്യമുള്ളു. ബാക്കിയെല്ലാം ഇറ്റലി, ജർമനി, യുകെ, അമേരിക്ക, സ്‌പെയിൻ, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് 730 കോടിയാണ് പ്രതിവർഷം ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |