തിരുവനന്തപുരം: ലോക്ക് ഡൗൺ കാലാവധി സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്നു നടത്തുന്ന വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തു നിലപാടെടുക്കും എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം. ഈ മാസം പതിനാലിനാണ് ലോക്ക് ഡൗൺ കാലാവധി കഴിയുന്നത്. കേന്ദ്ര നിലപാടിനനുസൃതമായിരിക്കും കേരളത്തിന്റെ നടപടികൾ.
കേരളത്തിലെ സ്ഥിതിഗതികൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഡോ.കെ.എം. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതി തയാറാക്കിയ റിപ്പോർട്ടിന് പുറമേ ചില മേഖലകളിൽ വരുത്തിയ ഇളവുകളും കൊവിഡ് വ്യാപനത്തോത് നിയന്ത്രിക്കാനായതും കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്.
ലോക്ക് ഡൗൺ തുടർന്നാലും ഇപ്പോൾ വരുത്തിയതുപോലുള്ള ചെറിയ ഇളവുകൾക്ക് സമ്മതിക്കുമെന്ന് കരുതുന്നു.
വർക്ക് ഷോപ്പുകൾ, കണ്ണടക്കടകൾ, മൊബൈൽ റീചാർജിംഗ് കടകൾ, പുസ്തകക്കടകൾ, വളം, വിത്ത്, കീടനാശിനി വില്പനശാലകൾ തുടങ്ങിയവയ്ക്ക് നിയന്ത്രിതതോതിൽ കേരളം ഇളവ് നൽകിയിട്ടുണ്ട്. ഘട്ടം ഘട്ടമായി നിയന്ത്രണം പിൻവലിക്കണമെന്ന വിദഗ്ദ്ധസമിതിയുടെ നിർദ്ദേശവും പ്രധാനമന്ത്രിക്ക് മുന്നിലുണ്ട്.
അതേസമയം, പൊതുഗതാഗതം, അന്തർ സംസ്ഥാന ഗതാഗതം, അന്തർജില്ലാ ഗതാഗതം എന്നിവയിലെല്ലാം നിയന്ത്രണം തുടരാനാണ് സംസ്ഥാനവും ആലോചിക്കുന്നത്. ചില ജില്ലകൾ ഹോട്ട് സ്പോട്ടുകളായി തുടരുന്നതിനാലും മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി ആശാവഹമല്ലാത്തതിനാലും മുൻകരുതലുകൾ കുറയ്ക്കില്ല.
തീർത്തും അടച്ചിടുന്നത് സാമ്പത്തികമായി പ്രതികൂലമാകുമെന്നതിനാൽ പരിമിതമായ ഇളവുകൾ തുടരും. തൊഴിലുറപ്പ് പദ്ധതിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ഇളവ് നൽകാൻ അടുത്തയാഴ്ച തീരുമാനിച്ചേക്കും. വ്യക്തികളുടെ പറമ്പുകൾ വൃത്തിയാക്കൽ, കോഴിക്കൂട് നിർമ്മാണം തുടങ്ങി കുറച്ചുപേർ മാത്രം വേണ്ടിവരുന്ന തൊഴിലുകൾക്കാകും ഇളവ് അനുവദിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |