ന്യൂഡൽഹി: കൊവിഡ് പ്രതിരോധം ശക്തമാക്കാൻ ഏപ്രിൽ 15 മുതൽ രണ്ടാഴ്‌ച കൂടി ലോക്ക്ഡൗൺ നീട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ധാരണയായി. പശ്ചിമ ബംഗാൾ ഉൾപ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇക്കാര്യം ആവശ്യപ്പെട്ടു. ഇതിനുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്രം ഉടൻ പ്രഖ്യാപിക്കും. സാമ്പത്തിക രംഗം തളരാതിരിക്കാൻ ചില മേഖലകൾക്ക് ഇളവുകൾ നൽകിയേക്കും.
അതേസമയം, ഒഡിഷയ്‌ക്കും പഞ്ചാബിനും പിന്നാലെ പശ്ചിമ ബംഗാളും മഹാരാഷ്‌ട്രയും ഏപ്രിൽ 30വരെ ലോക്ക്ഡൗൺ തുടരാൻ തീരുമാനിച്ചു. മാർച്ച് 24ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ 14നാണ് പൂർത്തിയാകുക.
കൊവിഡ് നിയന്ത്രണ നടപടികൾ വിജയിക്കാൻ 3 - 4 ആഴ്‌ചകൾ നിർണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ആവശ്യത്തിന് മരുന്ന് ശേഖരമുണ്ട്. ആരോഗ്യ പ്രവർത്തകർ അടക്കം മുന്നണിലുള്ളവർക്ക് സംരക്ഷണ കവചങ്ങളും ഉറപ്പാക്കി. ഡോക്ടർമാരെയും നഴ്സുമാരെയും ആക്രമിക്കുന്നവരെ വെറുതേവിടരുത്. അവശ്യ സാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും അനുവദിക്കരുത്. കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ സേതു ആപ്പ് ഫലപ്രദമായി ഉപയോഗിക്കാം. ആപ്പ് വഴി ലോക്ക്ഡൗൺ കാലത്ത് യാത്രാപാസ് നൽകുന്നത് ആലോചിക്കുന്നു. പ്രായമായവർക്ക് ടെലിമെഡിസിൻ വഴി മരുന്ന് എത്തിക്കണം. കാർഷിക ഉത്പന്നങ്ങൾ നേരിട്ടെത്തിക്കണം.
പ്രധാനമന്ത്രിയും ചില മുഖ്യമന്ത്രിമാരും മാസ്ക് ധരിച്ചാണ് യോഗത്തിൽ പങ്കെടുത്തത്. രാവിലെ 11ന് തുടങ്ങിയ യോഗം നാലുമണിക്കൂറോളം നീണ്ടു.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, അമിത്ഷാ, ഹർഷവർദ്ധൻ, ജിതേന്ദ്രസിംഗ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.
ചുവപ്പ്, മഞ്ഞ, പച്ച കോഡ്
ആലോചനയിൽ
ലോക്ക് ഡൗണിൽ രോഗ തീവ്രതയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ചുവപ്പ്, മഞ്ഞ, പച്ച നിറങ്ങൾ നൽകി തിരിക്കണമെന്ന നിർദ്ദേശം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. ഇന്നലെ പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ ചില മുഖ്യമന്ത്രിമാർ ജില്ലാ അടിസ്ഥാനത്തിൽ ഇതു നടപ്പാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ചൈനയിലും ഇറ്റലിയിലും കൊവിഡ് ഭീഷണി കുറഞ്ഞ മേഖലകളിൽ ഇളവു നൽകാൻ ഇത് നടപ്പാക്കിയിരുന്നു.
@ചുവപ്പ്
കൊവിഡ് ഹോട്ട് സ്‌പോട്ടുകളോ വ്യാപന ഭീഷണിയുള്ളതോ ആയ പ്രദേശങ്ങൾക്കാണ് ചുവപ്പ്. ഇവിടെ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കും. ആളുകൾക്ക് പുറത്തേക്ക് പോകാനാകില്ല. പുറത്തു നിന്ന് ആർക്കും വരാനും പറ്റില്ല.
@മഞ്ഞ
ഹോട്ട് സ്‌പോട്ടുകളിൽ യാത്ര ചെയ്‌തവർ, രോഗബാധയുള്ളവരുമായി ബന്ധമുള്ളവർ, രോഗം ഭേദമായവർ തുടങ്ങിയവരുടെ മേഖലയ്‌ക്കാണ് മഞ്ഞ നിറം നൽകുക. ഇവിടെയും സഞ്ചാര നിയന്ത്രണമുണ്ടാകുമെങ്കിലും ചെറിയ ഇളവുകൾ നൽകും.
@പച്ച
രോഗഭീഷണിയില്ലാത്ത അപകടരഹിതമായ പ്രദേശങ്ങൾക്കാണ് പച്ച നിറം. ജില്ലാ അടിസ്ഥാനത്തിൽ ട്രെയിൻ, ബസ് സർവീസുകൾ അടക്കം കൂടുതൽ ഇളവുകൾ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |