കൊച്ചി: ലോക്ക് ഡൗണിൽ തുടക്കം മുതൽ ഇളവ് ലഭിച്ച ബേക്കറികളിൽ പതിവ് വിഭവങ്ങളൊന്നുമില്ല.
ബർഗറും പിസയും നൂഡിൽസും കണികാണാൻ പോലുമില്ല. കേക്ക് ഉൾപ്പെടെ മധുരവിഭവങ്ങൾ നിരത്തിയിരുന്ന ചില്ലലമാരകൾ കാലി. ബ്രെഡും ബണ്ണും ബിസ്കറ്റും ചിപ്സുമാണ് കൊവിഡ് കാലത്ത് ബേക്കറികളിൽ ആളനക്കം സൃഷ്ടിക്കുന്നത്.
"ബ്രെഡ്, ബൺ, ബിസ്കറ്റ്, മിക്സ്ചർ തുടങ്ങിയവയ്ക്കാണ് ഡിമാൻഡ്. ചൂടുചായയും കാപ്പിയും സ്‌നാക്സുകളും ഇരുന്ന് ആസ്വദിക്കാൻ വിലക്കുണ്ട്. മാത്രമല്ല വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിനും നിയന്ത്രണമാണല്ലോ. അതുകാരണം കച്ചവടം ഇടിഞ്ഞു." ബേക്കറി ഉടമകൾ പറയുന്നു.
കേക്ക്, പേസ്ട്രികൾ, ലഡു, ജിലേബി തുടങ്ങിയ മധുരമൂറുന്ന വിഭവങ്ങൾക്ക് വലിയ പ്രിയമായിരുന്നു. ആഘോഷം നിലച്ചതോടെ കേക്കിന് ആവശ്യക്കാരില്ല. കട്ലെറ്റ്, സമൂസ തുടങ്ങിയ ഇനങ്ങൾക്കും ഡിമാൻഡ് കുറഞ്ഞു.
മധുരപലഹാരങ്ങളുടെ വില്പനയ്ക്ക് പുറമെ ബേക്കറികളിൽ ചായയും കാപ്പിയും ഷെയ്ക്കുകളും ജ്യൂസുകളും അറേബ്യൻ വിഭവങ്ങളും വിളമ്പിയിരുന്നു. പാഴ്സൽ മാത്രം നൽകാനേ ഇപ്പോൾ കഴിയൂ. അതിനാൽ ആളുകൾ എത്താത്ത അവസ്ഥയാണ്.
# കച്ചവടം കുത്തനേ ഇടിഞ്ഞു
25 ശതമാനത്തോളം കച്ചവടമേ നടക്കുന്നുള്ളു. തുറക്കുന്നുണ്ടെങ്കിലും വാങ്ങാനെത്തുന്നവർ കുറഞ്ഞു. ഓർഡറുകളും തീരെയില്ല. ആഘോഷങ്ങളുണ്ടെങ്കിലേ ബേക്കറി വിഭവങ്ങൾക്ക് ഡിമാൻഡ് വർദ്ധിക്കൂ. കൂടുതൽ ഇളവുകൾ ലഭിക്കുമ്പോൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
വിജിത് വിശ്വനാഥൻ,
ബെസ്റ്റ് ബേക്കേഴ്സ്
# കോഴിയിറച്ചിക്കും പ്രിയം കുറവ്
ലോക്ക് ഡൗൺ ഇറച്ചിക്കോഴി കച്ചവടത്തെയും ബാധിച്ചു. കൊവിഡ് ബാധ ആരംഭിച്ച സമയത്ത് മലബാറിലെ ചിലയിടങ്ങിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ വിലയിടിഞ്ഞിരുന്നു. കിലോയ്ക്ക് 20 രൂപവരെ എത്തിയിരുന്നു. പിന്നീട് 120 രൂപയിലെത്തിയെങ്കിലും വാങ്ങാൻ എത്തുന്നവർ കുറഞ്ഞു.
ക്രൈസ്തവരുടെ വ്രതകാലം മൂലം കോഴിക്ക് ആവശ്യക്കാർ കുറഞ്ഞിരുന്നു. വിഷുക്കാലത്തും വില്പന കുറഞ്ഞു. വില നൂറു രൂപയ്ക്ക് മുകളിൽ തുടരുന്നുണ്ടെങ്കിലും തമിഴ്നാട്ടിൽ നിന്ന് കോഴിവരവ് കുറഞ്ഞിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |