കോഴിക്കോട്: വിമർശനത്തിന് അതീതനാണ് താനെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മനോഭാവം ജനാധിപത്യ രാജ്യത്ത് വകവച്ചുകൊടുക്കാനാവില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ പറഞ്ഞു.
സ്‌പ്രിൻക്ലർ ഇടപാടിലൂടെ വൻ അഴിമതി നടന്നിട്ടുണ്ട്. കൊവിഡ് കാലത്ത് മാസ്‌ക് കെട്ടിയാൽ പിന്നെ മിണ്ടരുതെന്നാണ് മുഖ്യമന്ത്രി ധരിച്ചിരിക്കുന്നത്. ദുരന്തകാലത്താണ് കോർപ്പറേറ്റുകൾ നുഴഞ്ഞു കയറി എല്ലാം സ്വന്തമാക്കുകയെന്ന് പല പഠനങ്ങളിലുമുണ്ട്. ജാഗ്രത പാലിക്കുക പ്രതിപക്ഷത്തിന്റെ കടമയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോടികൾ വിലമതിക്കുന്ന ഡാറ്റയാണ് അമേരിക്കൻ കമ്പനി കടത്തിക്കൊണ്ടുപോയത്. റേഷൻ കാർഡ് വിവരങ്ങൾ പോലും കൈമാറിയത് ഗൗരവതരമാണ്. ഇതേക്കുറിച്ച് പറയുന്ന പ്രതിപക്ഷനേതാവിനെ ഒന്നിനും കൊള്ളാത്ത പപ്പുവായി ചിത്രീകരിക്കാനാണ് ശ്രമം. ബി.ജെ.പിക്കാർ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയതിന് സമാനമായ നീക്കമാണിത്.പ്രതിപക്ഷം കൊവിഡ് കൊണ്ടുവന്നു, സർക്കാർ അതില്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന ദുഷ്ടലാക്കൊന്നും വേണ്ട. കൊവിഡിനെതിരെ പ്രവർത്തിക്കാൻ എല്ലാവർക്കും ബാദ്ധ്യതയുണ്ട്. മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നവർക്ക് ഉത്തരവാദിത്വം കൂടുതലുണ്ട്. ജനം ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ ചുളുവിൽ പലതും കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്താനാണ് സർക്കാർ ശ്രമം-മുനീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |